24
June, 2026

A News 365Times Venture

24
Wednesday
June, 2026

A News 365Times Venture

ഇറാനെതിരെ വീണ്ടും യു.എസ് ആക്രമണം; മൂന്ന് ദിവസത്തിനിടെ രണ്ടാം തവണ

Date:



Trending


ഇറാനെതിരെ വീണ്ടും യു.എസ് ആക്രമണം; മൂന്ന് ദിവസത്തിനിടെ രണ്ടാം തവണ

വാഷിങ്ടണ്‍: ഇറാനെതിരെ വീണ്ടും യു.എസ് വ്യോമാക്രമണം. തുറമുഖ നഗരമായ ബന്ദര്‍ അബ്ബാസിലെ ഒരു സൈനിക കേന്ദ്രത്തിന് നേര്‍ക്കാണ് ആക്രമണമെന്ന് യു.എസ് പ്രതിരോധ ഉദ്യോഗസ്ഥരെ അധികരിച്ച് പാശ്ചാത്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഏപ്രിലില്‍ ധാരണയിലെത്തിയ വെടിനിര്‍ത്തല്‍ കരാര്‍ നിലനില്‍ക്കുന്നതിനിടെയാണ് ആക്രമണം.

തങ്ങള്‍ക്ക് ഭീഷണി ഉയര്‍ത്തിയ ഡ്രോണുകളും അവയുടെ വിക്ഷേപണ കേന്ദ്രവുമാണ് ആക്രമിച്ചതെന്ന് യു.എസ് പ്രതിരോധ വിഭാഗം അവകാശപ്പെട്ടു. നാല് ഡ്രോണുകളാണ് വെടിവച്ചിട്ടത്. അഞ്ചാമത്തെ ഡ്രോണ്‍ വിക്ഷേപിക്കാനുള്ള കേന്ദ്രമാണ് ബന്ദര്‍ അബ്ബാസില്‍ ആക്രമിച്ചതെന്നും യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് (സെന്റ്‌കോം) അവകാശപ്പെട്ടതായി പാശ്ചാത്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം, യു.എസ് ആക്രമണത്തിനെതിരെ ഇറാന്‍ പ്രത്യാക്രമണം നടത്തിയതായി ഇറാന്റെ തസ്‌നിം വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ബന്ദര്‍ അബ്ബാസ് ലക്ഷ്യം വച്ചുള്ള ആക്രമണത്തിനുപയോഗിച്ച യു.എസ് വ്യോമതാവളം ആക്രമിച്ച് തകര്‍ത്തതായി ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് അറിയിച്ചതായി ഇറാന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

മൂന്ന് ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് യു.എസ് ഇറാനില്‍ ആക്രമിക്കുന്നത്. തിങ്കളാഴ്ച ബന്ദര്‍ അബ്ബാസ് അടക്കം തെക്കന്‍ ഇറാനിലെ പ്രദേശങ്ങളില്‍ യു.എസ് വ്യോമാക്രമണം നടത്തിയിരുന്നു. യു.എസ്-ഇറാന്‍ സംഘര്‍ഷം അവസാനിപ്പിക്കാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് ഇപ്പോള്‍ യു.എസ് ഇറാനില്‍ തുടര്‍ച്ചയായി ആക്രമണം നടത്തുന്നത്.

സ്വയം പ്രതിരോധത്തിന്റെ ഭാഗമായാണ് ഈ ആക്രമണമെന്ന് തിങ്കളാഴ്ചത്തെ ആക്രമണത്തെക്കുറിച്ചും സെന്റ്‌കോം അവകാശപ്പെട്ടിരുന്നു. ‘ഇറാന്‍ സൈന്യമുയര്‍ത്തുന്ന ഭീഷണിയില്‍ നിന്ന് തങ്ങളുടെ സൈന്യത്തെ രക്ഷിക്കാനാണ്’ ആക്രമണം നടത്തിയതെന്നാണ് സെന്റ്കോം അന്ന് ഓദ്യോഗിക പ്രസ്താവനയില്‍ അഭിപ്രായപ്പെട്ടത്.

ബന്ദര്‍ അബ്ബാസില്‍ ഒരു മിസൈല്‍ വിക്ഷേപണ കേന്ദ്രത്തിന് നേര്‍ക്കായിരുന്നു ആക്രമണം എന്ന് ഒരു മുതിര്‍ന്ന യു.എസ് ഉദ്യോഗസ്ഥന്‍ പറഞ്ഞതായി അന്ന് ഫോക്സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. അമേരിക്കന്‍ യുദ്ധവിമാനങ്ങളെ ഇറാന്‍ ലക്ഷ്യം വച്ചതിനെത്തുടര്‍ന്നാണ് ആക്രമണമെന്നും ഉദ്യോഗസ്ഥന്‍ അവകാശപ്പെട്ടിരുന്നു. ആക്രമണം പ്രതിരോധ സ്വഭാവത്തിലുള്ളതായിരുന്നെന്നും അതിനാല്‍ വെടിനിര്‍ത്തല്‍ കരാറിനെ ലംഘിക്കില്ലെന്നും യു.എസ് ഉദ്യോഗസ്ഥര്‍ അന്ന് പറഞ്ഞിരുന്നു.

അതിനിടെ, യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭാഗത്തുനിന്ന് ഹോര്‍മുസ് വിഷയവുമായി ബന്ധപ്പെട്ട് ഒമാനെതിരെ ഭീഷണിപ്പെടുത്തുന്ന തരത്തിലുള്ള പ്രസ്താവന പുറത്തുവന്നിട്ടുണ്ട്. ഹോര്‍മുസ് നിയന്ത്രണത്തിനായി ഇറാനുമായി സഹകരിക്കുകയാണെങ്കില്‍ ഒമാനെതിരെ സൈന്യത്തെ ഇറക്കേണ്ടി വരുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തി.

ഹോര്‍മുസ് കടലിടുക്കിലെ കപ്പല്‍ ഗതാഗത നിയന്ത്രണം സംബന്ധിച്ച് ഇറാനും ഒമാനും ചര്‍ച്ച നടത്തിയാതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഹോര്‍മുസില്‍ ഒമാന്‍-ഇറാന്‍ സംയുക്ത നിയന്ത്രണത്തെ അംഗീകരിക്കുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനുള്ള മറുപടിയിലാണ് ട്രംപിന്റെ ഭീഷണി.




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related