24
June, 2026

A News 365Times Venture

24
Wednesday
June, 2026

A News 365Times Venture

ട്രംപിന് വന്‍ തിരിച്ചടി; ഇറാനെതിരെ യുദ്ധം വേണ്ട- പ്രമേയം പാസാക്കി അമേരിക്കന്‍ പ്രതിനിധി സഭ

Date:



Trending


ട്രംപിന് വന്‍ തിരിച്ചടി; ഇറാനെതിരെ യുദ്ധം വേണ്ട: പ്രമേയം പാസാക്കി അമേരിക്കന്‍ പ്രതിനിധി സഭ

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് വന്‍ തിരിച്ചടി. ഇറാനെതിരായ യുദ്ധം തുടരുന്നതിനിടെ യുദ്ധത്തിനെതിരായ പ്രമേയം പാസാക്കി യു.എസ് പ്രതിനിധി സഭ. യുദ്ധവുമായി മുന്നോട്ട് പോവേണ്ടതില്ലെന്നും ഇറാനില്‍ നിന്ന് യു.എസ് സൈന്യം ഉടന്‍ പിന്മാറണമെന്നും ആവശ്യപ്പെടുന്നതാണ് പ്രമേയം.

ഈ പ്രമേയം യു.എസ് പ്രതിനിധി സഭയില്‍ പാസായതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഇറാനെതിരായ യുദ്ധനടപടികള്‍ക്ക് നിയന്ത്രണം ആവശ്യപ്പെട്ട വാര്‍ പവേഴ്‌സ് റെസല്യൂഷന്‍ പ്രമേയമാണ് പാസാക്കിയത്. കോണ്‍ഗ്രസിന്റെ അനുമതിയില്ലാതെ യുദ്ധം തുടരരുതെന്നാണ് ട്രംപ് ഭരണകൂടത്തോട് സഭയുടെ നിര്‍ദേശം.

208നെതിരെ 215 വോട്ടുകള്‍ക്കാണ് പ്രമേയം പാസായിരിക്കുന്നത്. ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലുള്ള നാല് പ്രതിനിധികളും പ്രമേയത്തെ അനുകൂലിച്ച് വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. പ്രമേയം ഇനി സെനറ്റിന്റെ പരിഗണനയ്ക്ക് വെക്കും.

ഇറാനുമായുള്ള സംഘര്‍ഷം ആരംഭിച്ച് 3 മാസങ്ങള്‍ക്ക് ശേഷമാണ് ട്രംപിന്റെ സൈനിക നയങ്ങള്‍ക്കെതിരെ ഇത്തരമൊരു കനത്ത നീക്കം യു.എസ് പാര്‍ലമെന്റില്‍ ഉണ്ടാകുന്നത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രതിനിധികള്‍ പോലും അനുകൂലിച്ചതോടെ ട്രംപിനെതിരായ രോഷമാണ് വ്യക്തമാവുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്.

‘ഇന്ന് ഈ പ്രമേയം പാസായത് ഒരു സുപ്രധാന വഴിത്തിരിവിനെയാണ് സൂചിപ്പിക്കുന്നത്. മിഡില്‍ ഈസ്റ്റില്‍ വീണ്ടുമൊരു തുറന്ന യുദ്ധത്തിന് ജനപ്രതിനിധികള്‍ ആഗ്രഹിക്കുന്നില്ല,’ വോട്ടെടുപ്പിന് ശേഷം വാര്‍ പവര്‍ റെസല്യൂഷന്‍ സ്‌പോണ്‍സര്‍ ഗ്രിഗറി മീക്ക്‌സ് പറഞ്ഞു.

യുദ്ധം മൂലം ഇന്ധനവില ഉയരുകയും സാമ്പത്തിക സമ്മര്‍ദം വര്‍ധിക്കുകയും ചെയ്തതോടെ ജനങ്ങളുടെ പ്രതിഷേധവും ശക്തമായി.

കോണ്‍ഗ്രസിന്റെ അനുമതിയില്ലാതെ ട്രംപ് യുദ്ധം മുന്നോട്ട് കൊണ്ടുപോകുകയാണെന്ന വിമര്‍ശനവും ശക്തമാണ്. ഡെമോക്രാറ്റ് പാര്‍ട്ടി നേതാക്കള്‍ ട്രംപിന് വ്യക്തമായ ദീര്‍ഘകാല തന്ത്രമില്ലെന്നും, യുദ്ധം അമേരിക്കയെ മറ്റൊരു ദീര്‍ഘകാല സംഘര്‍ഷത്തിലേക്ക് തള്ളിവിടുമെന്നും ആരോപിച്ചിരുന്നു.

ട്രംപിന്റെ ഇറാനിലെ യുദ്ധ അധികാരം നിയന്ത്രിക്കാന്‍ മുമ്പും നിരവധി ശ്രമങ്ങള്‍ നടന്നിരുന്നു. എന്നാല്‍ അവ പരാജയപ്പെടുകയോ സഭാ നേതൃത്വത്തിന്റെ ഇടപെടലിലൂടെ വോട്ടെടുപ്പ് ഒഴിവാക്കപ്പെടുകയോ ചെയ്യുകയായിരുന്നു.

ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് സമാനമായ ഒരു പ്രമേയം ഒരു വോട്ടിന്റെ വ്യത്യാസത്തില്‍ പരാജയപ്പെട്ടിരുന്നു. ഇപ്പോഴാണ് ആദ്യമായി അത് സഭയില്‍ പാസാകുന്നത്. പ്രതിനിധി സഭയില്‍ പാസായ പ്രമേയം ഉടന്‍ നിയമമാകില്ല. ഇനി അത് സെനറ്റില്‍ പാസാകണം. സെനറ്റില്‍ പ്രാഥമിക
പിന്തുണ ലഭിച്ചിട്ടുണ്ടെങ്കിലും അന്തിമ വോട്ടെടുപ്പ് നടന്നിട്ടില്ല.. എന്നാല്‍ സെനറ്റില്‍ പ്രസിഡന്റിന് പ്രമേയത്തെ വീറ്റോ ചെയ്യാനുള്ള അധികാരമുണ്ട്.

Content Highlight: A major setback for Trump; No war against Iran: US House of Representatives passes resolution




നിഷാന. വി.വി



ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.



Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related