11
July, 2026

A News 365Times Venture

11
Saturday
July, 2026

A News 365Times Venture

വെള്ളം കോരിയവരെയും വിറക് വെട്ടിയവരെയും നോക്കുകുത്തിയാക്കി; സര്‍ക്കാരിനെതിരെ പരസ്യ വിമര്‍ശനവുമായി കെ.എസ്.യു സംസ്ഥാന പ്രസിഡന്റ്

Date:



Kerala


‘വെള്ളം കോരിയവരെയും വിറക് വെട്ടിയവരെയും നോക്കുകുത്തിയാക്കി’; സര്‍ക്കാരിനെതിരെ പരസ്യ വിമര്‍ശനവുമായി കെ.എസ്.യു സംസ്ഥാന പ്രസിഡന്റ്

തിരുവനന്തപുരം: ജയോണ ജെയിംസിനെ ഗവണ്‍മെന്റ് പ്ലീഡറായി നിയമിച്ചത് അടക്കമുള്ള വിഷയങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ നിലപാടില്‍ വിമര്‍ശനവുമായി കെ.എസ്.യു. സംഘടനയുടെ സംസ്ഥാന പ്രസിഡന്റായ അലോഷ്യസ് സേവ്യര്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇപ്പോള്‍ സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.

ലോ കോളേജിലെ എസ്.എഫ്.ഐ നേതാവായിരുന്ന ജയോണയെ ഗവണ്‍മെന്റ് പ്ലീഡര്‍ പോലുള്ള സുപ്രധാന തസ്തികയില്‍ നിയമിച്ചത് ശരിയായില്ലെന്നാണ് കെ.എസ്.യു നിലപാട്. ഈ നിയമനം റദ്ദാക്കുകയോ പുനഃപരിശോധിക്കുകയോ വേണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.യു മുഖ്യമന്ത്രിക്ക് കത്ത് നല്‍കുകയും ചെയ്തിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ അലോഷ്യസ് സേവ്യറിന്റ പരസ്യ വിമര്‍ശനം.

പിണറായി സര്‍ക്കാരിനെതിരെ സമരം ചെയ്യാന്‍ നിരന്തരം വിളിച്ചുകൊണ്ടിരുന്ന നേതാക്കന്മാര്‍ ഇപ്പോള്‍ കെ.എസ്.യുക്കാര്‍ ഫോണ്‍ വിളിച്ചാല്‍ എടുക്കാന്‍ തയ്യാറാവുന്നില്ലെന്ന് അലോഷ്യസ് സേവ്യര്‍ പറഞ്ഞു.

‘കഴിഞ്ഞ പത്ത് വര്‍ഷക്കാലം പിണറായി സര്‍ക്കാരിനെതിരെ സമരം ചെയ്യാനും പ്രതിഷേധം ഉയര്‍ത്താനും നിരന്തരം വിളിച്ചുകൊണ്ടിരുന്ന നേതാക്കന്മാരുടെ ഫോണുകള്‍ ഇപ്പോള്‍ കെ.എസ്.യു സഹപ്രവര്‍ത്തകര്‍ക്ക് വേണ്ടി വിളിക്കുമ്പോള്‍ ഇന്‍കമിങ് സ്വീകരിക്കാത്തത് തെറ്റായ പ്രവണതയാണ്,’ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

വ്യക്തിപരമായ ഒരു സര്‍ക്കാര്‍ ആനുകൂല്യത്തിന് വേണ്ടിയും വാദിക്കാന്‍ ഉദ്ദേശമില്ല. കെ.എസ്.യുക്കാരായ സഹപ്രവര്‍ത്തകരെ കണ്ടില്ല എന്ന് നടിക്കാനുള്ള ശ്രമങ്ങള്‍ അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വെള്ളം കോരിയവരെയും വിറക് വെട്ടിയവരെയും നോക്കുകുത്തിയാക്കി മാറ്റുന്ന നയം അംഗീകരിക്കാനാവില്ല. ഇക്കാലമത്രയും വാദിച്ചതും ശബ്ദമുയര്‍ത്തിയതും കെ.എസ്.യു ആയി തെരുവില്‍ ചോരയൊഴുക്കിയവര്‍ക്കും കേസുകളില്‍ പ്രതിയായവര്‍ക്കും വേണ്ടിയാണെന്ന് അലോഷ്യസ് സേവ്യറിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

വഴിയില്‍ കൂടി പോകുന്ന എസ്.എഫ്.ഐക്കാരെയൊക്കെ ചുമക്കേണ്ട ബാധ്യത യു.ഡി.എഫ് സര്‍ക്കാരിനില്ല. തിരുവനന്തപുരം നിയമ കലാലയത്തില്‍ കെ.എസ്.യുക്കാരെ നിരന്തരം മര്‍ദിക്കുന്നതിന് നേതൃത്വം കൊടുത്ത സംഘത്തിലുള്ളവരെ ഗവണ്‍മെന്റ് പ്ലീഡറാക്കിയ നടപടി തിരുത്തപ്പെടേണ്ടതാണെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അഭിപ്രായപ്പെട്ടു.

‘എന്ത് കൊണ്ട് പരസ്യമായി പ്രതികരിക്കുന്നു എന്ന ചോദ്യം പാര്‍ട്ടിയേ സ്‌നേഹിക്കുന്ന സഹപ്രവര്‍ത്തകര്‍ക്ക് ഉണ്ടാകുമെന്നതിനാല്‍ അതിനുള്ള മറുപടി കൂടി കുറിക്കാതിരിക്കാന്‍ വയ്യ. കരയുന്ന പിള്ളയ്‌ക്കേ ചോറുള്ളൂ എന്ന് വച്ചാല്‍ എന്ത് ചെയ്യും,’ എന്ന് പറഞ്ഞാണ് അലോഷ്യസ് സേവ്യറിന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

നേരത്തെ അബിന്‍ വര്‍ക്കി എം.എല്‍.എ അടക്കമുള്ള നേതാക്കളുടെ നേതൃത്വത്തിലായിരുന്നു ജയോണയുടെ നിയമനം റദ്ദാക്കുകയോ പുനപരിശോധിക്കുകയോ ചെയ്യണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയച്ചത്. പാര്‍ട്ടി അണികളെയും കെ.എസ്.യു. പ്രവര്‍ത്തകരെയും നിരാശപ്പെടുത്തുന്ന നടപടിയാണിതെന്ന് കത്തില്‍ പറയുന്നു.

അലോഷ്യസ് സേവ്യറിന്റെ ഫേസ്ബുക്ക് പോസ്റ്റ്

വെള്ളം കോരിയവരെയും വിറക് വെട്ടിയവരെയും നോക്കുകുത്തിയാക്കി മാറ്റുന്ന നയം അംഗീകരിക്കാനാവില്ല.

ഇക്കാലമത്രയും വാദിച്ചതും ശബ്ദമുയര്‍ത്തിയതും കെ.എസ്.യു ആയി തെരുവില്‍ ചോരയൊഴുക്കിയവര്‍ക്കും കേസുകളില്‍ പ്രതിയായവര്‍ക്കും വേണ്ടിയാണ്. വ്യക്തിപരമായ ഒരു സര്‍ക്കാര്‍ ആനുകൂല്യത്തിന് വേണ്ടിയും വാദിക്കാന്‍ ഉദ്ദേശമില്ല. എന്നാല്‍ കെ.എസ്.യുക്കാരായ സഹപ്രവര്‍ത്തകരെ കണ്ടില്ല എന്ന് നടിക്കാനുള്ള ശ്രമങ്ങള്‍ അംഗീകരിക്കാനാവില്ല.


കഴിഞ്ഞ പത്ത് വര്‍ഷക്കാലം പിണറായി സര്‍ക്കാരിനെതിരെ സമരം ചെയ്യാനും പ്രതിഷേധം ഉയര്‍ത്താനും നിരന്തരം വിളിച്ചുകൊണ്ടിരുന്ന നേതാക്കന്മാരുടെ ഫോണുകള്‍ ഇപ്പോള്‍ കെ.എസ്.യു സഹപ്രവര്‍ത്തകര്‍ക്ക് വേണ്ടി വിളിക്കുമ്പോള്‍ ഇന്‍കമിങ് സ്വീകരിക്കാത്തത് തെറ്റായ പ്രവണതയാണ്.

വഴിയില്‍ കൂടി പോകുന്ന എസ്.എഫ്.ഐക്കാരെയൊക്കെ ചുമക്കേണ്ട ബാധ്യത യു.ഡി.എഫ് സര്‍ക്കാരിനില്ല. തിരുവനന്തപുരം നിയമ കലാലയത്തില്‍ കെ.എസ്.യുക്കാരെ നിരന്തരം മര്‍ദിക്കുന്നതിന് നേതൃത്വം കൊടുത്ത സംഘത്തിലുള്ളവരെ ഗവണ്‍മെന്റ് പ്ലീഡറാക്കിയ നടപടി തിരുത്തപ്പെടേണ്ടതാണ്.

എന്ത് കൊണ്ട് പരസ്യമായി പ്രതികരിക്കുന്നു എന്ന ചോദ്യം പാര്‍ട്ടിയേ സ്‌നേഹിക്കുന്ന സഹപ്രവര്‍ത്തകര്‍ക്ക് ഉണ്ടാകുമെന്നതിനാല്‍ അതിനുള്ള മറുപടി കൂടി കുറിക്കാതിരിക്കാന്‍ വയ്യ.
കരയുന്ന പിള്ളയ്‌ക്കേ ചോറുള്ളൂ എന്ന് വച്ചാല്‍ എന്ത് ചെയ്യും.

Content Highlight: Facebook Post of KSU State President Dr Aloshious Xavier Criticizing UDF Government of Kerala on Neglecting KSU activists




റെന്വര്‍ പി



കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.



Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related