17
July, 2026

A News 365Times Venture

17
Friday
July, 2026

A News 365Times Venture

രണ്ട് കോടതികളില്‍ രണ്ട് നിലപാട്; വഖഫ് ബോര്‍ഡ് പുനസംഘടനയില്‍ യു.ഡി.എഫ് പ്രതിരോധത്തില്‍, മലക്കംമറിച്ചിലില്‍ ലീഗിനും മറുപടിയില്ല

Date:



Kerala News


രണ്ട് കോടതികളില്‍ രണ്ട് നിലപാട്; വഖഫ് ബോര്‍ഡ് പുനസംഘടനയില്‍ യു.ഡി.എഫ് പ്രതിരോധത്തില്‍, മലക്കംമറിച്ചിലില്‍ ലീഗിനും മറുപടിയില്ല

 

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ വഖഫ് നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിലും കേരള ഹൈക്കോടതിയിലും യു.ഡി.എഫ് കൈക്കൊണ്ടത് രണ്ട് നിലപാടുകള്‍.

കേന്ദ്ര നിയമപ്രകാരം വഖഫ് ബോര്‍ഡുകളില്‍ മുസ്‌ലിം ഇതര വിഭാഗങ്ങളില്‍ നിന്നുള്ള അംഗങ്ങളെ ഉള്‍പ്പെടുത്തുന്നതിനെതിരെ സുപ്രീം കോടതിയെ സമീപിച്ചവര്‍ തന്നെയാണ്, കേരള ഹൈക്കോടതിയില്‍ നിയമം നടപ്പാക്കാന്‍ ഒരുക്കമാണെന്ന തരത്തില്‍ സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്.

രണ്ട് കോടതികളില്‍ രണ്ട് നിലപാട് സ്വീകരിക്കുകയും മുന്‍ നിലപാടില്‍ നിന്ന് മലക്കം മറിയുകയും ചെയ്തതോടെ കോണ്‍ഗ്രസും യു.ഡി.എഫ് സര്‍ക്കാരും രാഷ്ട്രീയ പ്രതിരോധത്തിലായിരിക്കുകയാണ്.

ദേശീയതലത്തില്‍ കോണ്‍ഗ്രസും മുസ്‌ലിം ലീഗും ഇടതുപക്ഷവുമടങ്ങുന്ന പ്രതിപക്ഷം വഖഫ് ഭേദഗതി ബില്ലിനെതിരെ ശക്തമായ പ്രതിഷേധമാണ് പാര്‍ലമെന്റില്‍ ഉയര്‍ത്തിയിരുന്നത്. പാര്‍ലമെന്റ് സ്റ്റാന്‍ഡിങ് കമ്മിറ്റിയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് കല്യാണ്‍ ബാനര്‍ജി ഉള്‍പ്പെടെയുള്ളവര്‍ ഗ്ലാസ് കുപ്പി മേശയിലിടിച്ചു പൊട്ടിക്കുന്ന തരത്തിലേക്ക് വരെ കാര്യങ്ങള്‍ എത്തിയിരുന്നു.

തുടര്‍ന്ന് പ്രതിപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പ് മറികടന്ന് കേന്ദ്രം ബില്ല് പാസാക്കിയ ഉടന്‍ തന്നെ, മുസ്‌ലിം ലീഗ് ഇതിനെതിരെ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. വിഷയത്തില്‍ ആദ്യം അപെക്‌സ് കോര്‍ട്ടിനെ സമീപിച്ച രാഷ്ട്രീയ പാര്‍ട്ടിയും ലീഗാണ്.

വഖഫ് ബോര്‍ഡില്‍ അമുസ്‌ലിം പ്രതിനിധികളെ ഉള്‍പ്പെടുത്തുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും ആര്‍ട്ടിക്കിള്‍ 14ന്റെ ലംഘനമാണെന്നും കാണിച്ച് കേരളത്തിലെ അന്നത്തെ എല്‍.ഡി.എഫ് സര്‍ക്കാരും സുപ്രീം കോടതിയില്‍ ഹരജി നല്‍കിയിരുന്നു. എന്നാല്‍, കേരളത്തില്‍ യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് പിന്നാലെ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പുതിയ സത്യവാങ്മൂലമാണ് ഇപ്പോള്‍ വിവാദത്തിലായിരിക്കുന്നത്.

കേന്ദ്ര നിയമപ്രകാരം ഹിന്ദു വിഭാഗത്തില്‍പ്പെട്ട അംഗങ്ങളെക്കൂടി ഉള്‍പ്പെടുത്തി വഖഫ് ബോര്‍ഡ് പുനസംഘടിപ്പിക്കാന്‍ തയ്യാറാണെന്നാണ് സംസ്ഥാന സര്‍ക്കാര്‍ കേരള ഹൈക്കോടതിയെ അറിയിച്ചത്. സുപ്രീം കോടതിയില്‍ കേസ് നിലനില്‍ക്കെയാണ് ഹൈക്കോടതിയില്‍ സര്‍ക്കാര്‍ ഈ വിരുദ്ധ നിലപാട് സ്വീകരിച്ചത്.

ഭരണ മുന്നണിയിലെ പ്രധാന കക്ഷിയായ മുസ്‌ലിം ലീഗ് തന്നെയാണ് കേന്ദ്ര നിയമത്തിനെതിരെ ആദ്യം സുപ്രീം കോടതിയില്‍ പോയതെന്നിരിക്കെ, അതേ ലീഗ് പങ്കാളിയായ സര്‍ക്കാര്‍ എങ്ങനെ ഹൈക്കോടതിയില്‍ ഈ നിലപാട് സ്വീകരിച്ചു എന്നതാണ് ഉയരുന്ന പ്രധാന ചോദ്യം.

കോണ്‍ഗ്രസിന്റെയും മുസ്‌ലിം ലീഗിന്റെയും പ്രഖ്യാപിത രാഷ്ട്രീയ നയങ്ങള്‍ക്ക് വിരുദ്ധമായ ഇത്തരം ഒരു സത്യവാങ്മൂലം ഹൈക്കോടതിയില്‍ നല്‍കിയതിന്റെ അടിസ്ഥാനവും ചോദ്യം ചെയ്യപ്പെടുന്നുണ്ട്.

ലീഗ് ജനറല്‍ സെക്രട്ടറി പി.എം.എ. സലാം ഉള്‍പ്പെടെയുള്ളവര്‍ വിഷയത്തില്‍ ന്യായീകരണവുമായി രംഗത്തെത്തിയെങ്കിലും, കോടതിയില്‍ സര്‍ക്കാര്‍ നല്‍കിയ ഔദ്യോഗിക നിലപാടിന് മുന്നില്‍ കൃത്യമായ മറുപടിയില്ലാതെ ലീഗ് നേതൃത്വം ഉത്തരം മുട്ടുകയാണ്. ഐഎന്‍എല്‍ ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികളും കോണ്‍ഗ്രസ്-ലീഗ് സഖ്യത്തിന്റെ ഈ രാഷ്ട്രീയ ഇരട്ടത്താപ്പിനെതിരെ രംഗത്തുവന്നിരുന്നു.

സര്‍ക്കാരിന്റെ ഈ മലക്കംമറിച്ചില്‍ സുപ്രീം കോടതിയില്‍ നിലവിലുള്ള കേസിനെപ്പോലും ദുര്‍ബലപ്പെടുത്തുന്ന ഒന്നാണ്. രണ്ട് കോടതികളില്‍ രണ്ട് നിലപാട് സ്വീകരിച്ചത് സംസ്ഥാന സര്‍ക്കാരിന് നിയമപരമായി വലിയ തിരിച്ചടിയാകും.

 

Content Highlight: UDF adopts differing stances in two courts regarding the Waqf Board reorganization.

 




ആദർശ് എം.കെ.



ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.



Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related