national news
ബ്രിട്ടീഷുകാര്‍ പോയി, കൊളോണിയല്‍ മനോഭാവം മാറിയില്ല’; വാങ്ചുകിന്റെ സമരത്തില്‍ കേന്ദ്രത്തിനെതിരെ മെഹബൂബ മുഫ്തി
ന്യൂദല്‍ഹി: നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് പ്രശസ്ത വിദ്യാഭ്യാസ-പരിസ്ഥിതി പ്രവര്‍ത്തകന്‍ സോനം വാങ്ചുക് നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരത്തോടുള്ള കേന്ദ്ര സര്‍ക്കാരിന്റെ മൗനത്തെ രൂക്ഷമായി വിമര്‍ശിച്ച് പി.ഡി.പി അധ്യക്ഷ മെഹബൂബ മുഫ്തി.
ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാര്‍ പ്രതിഷേധക്കാരുമായി സംസാരിക്കാന്‍ പോലും തയ്യാറാകാത്തത് കൊളോണിയല്‍ മനോഭാവമാണ് കാണിക്കുന്നതെന്ന് മുന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി കൂടിയായ അവര്‍ ആരോപിച്ചു.
ദല്‍ഹിയിലെ ജന്തര്‍ മന്തറില്‍ സോനം വാങ്ചുക് തന്റെ ജീവന്‍ പണയപ്പെടുത്തി നടത്തുന്ന സമരം, ബ്രിട്ടീഷ് ഭരണത്തില്‍ നിന്ന് ഇന്ത്യയെ മോചിപ്പിക്കാന്‍ സ്വാതന്ത്ര്യസമര സേനാനികള്‍ നടത്തിയ ത്യാഗങ്ങളെ ഓര്‍മിപ്പിക്കുന്നതാണെന്ന് മെഹബൂബ മുഫ്തി പറഞ്ഞു.
‘ബ്രിട്ടീഷുകാര്‍ രാജ്യം വിട്ടുപോയിട്ടുണ്ടാകാം, പക്ഷേ കൊളോണിയല്‍ മനോഭാവം ഇപ്പോഴും നിലനില്‍ക്കുന്നു. ഇന്ത്യയുടെ ഭാവി രൂപപ്പെടുത്തേണ്ട യുവതലമുറയുടെ സുരക്ഷയ്ക്കായി സോനം വാങ്ചുക് ജന്തര്‍ മന്തറില്‍ ജീവന്‍ പണയപ്പെടുത്തുമ്പോള്‍, അവരോട് സംസാരിക്കാന്‍ പോലും തയ്യാറാകാത്ത ജനാധിപത്യ സര്‍ക്കാരിന്റെ നിസംഗതയും ക്രൂരതയും മറ്റെന്താണ് കാണിക്കുന്നത്?’ മെഹബൂബ മുഫ്തി എക്‌സില്‍ കുറിച്ചു.
എന്നാല്‍ മെഹബൂബ മുഫ്തിയുടെ പ്രസ്താവന കേവലം മാധ്യമ ശ്രദ്ധ പിടിച്ചുപറ്റാനുള്ള ഒരു പബ്ലിസിറ്റി സ്റ്റണ്ട് മാത്രമാണെന്ന് ബി.ജെ.പി നേതാവ് രണ്‍ബീര്‍ സിങ് പതാനിയ പരിഹസിച്ചു.
അതേസമയം, സോനം വാങ്ചുകിന്റെ നിരാഹാര സമരം നിലവില്‍ 20ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. അദ്ദേഹത്തിന്റെ ആരോഗ്യനില അതീവ ഗുരുതരമാണെന്നും ആന്തരികാവയവങ്ങള്‍ക്ക് തകരാര്‍ സംഭവിക്കാന്‍ സാധ്യതയുണ്ടെന്നും ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
എന്നാല്‍, സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് കൃത്യമായ പ്രതികരണം ലഭിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് അദ്ദേഹം. പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനം ആരംഭിക്കുന്ന ജൂലൈ 20 വരെ താന്‍ എങ്ങനെയെങ്കിലും ജീവനോടെയിരിക്കുമെന്നും, അന്ന് പാര്‍ലമെന്റിലേക്ക് സമാധാനപരമായ മാര്‍ച്ച് നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള സോനം വാങ്ചുകിന്റെ ആരോഗ്യത്തില്‍ കടുത്ത ആശങ്ക രേഖപ്പെടുത്തി. നിരാഹാര സമരം അവസാനിപ്പിക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിക്കണമെന്നും യുവതലമുറയുമായി ചര്‍ച്ചകള്‍ നടത്തണമെന്നും അദ്ദേഹം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
നേരത്തെ യു.പി.എ സര്‍ക്കാരിന്റെ കാലത്ത് അണ്ണാ ഹസാരെ സമരം ചെയ്തപ്പോള്‍ പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിങ് മന്ത്രിമാരെ അയച്ച് ചര്‍ച്ച നടത്തിയ കാര്യം അദ്ദേഹം ഓര്‍മിപ്പിച്ചു.
സോഷ്യല്‍ മീഡിയയിലൂടെ രൂപപ്പെട്ട കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ജൂണ്‍ 20നാണ് ജന്തര്‍ മന്തറില്‍ നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെ പ്രതിഷേധം ആരംഭിച്ചത്. തുടര്‍ന്ന് ജൂണ്‍ 28നാണ് സോനം വാങ്ചുക് ഈ സമരത്തില്‍ പങ്കുചേര്‍ന്ന് അനിശ്ചിതകാല നിരാഹാര സമരം തുടങ്ങിയത്.
വിദ്യാഭ്യാസ മന്ത്രിയുടെ രാജിക്ക് പുറമെ, പരീക്ഷാ ക്രമക്കേടുകളെത്തുടര്‍ന്ന് മാനസികവിഷമത്താല്‍ ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥികളുടെ കുടുംബങ്ങള്‍ക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന ആവശ്യവും സമരക്കാര്‍ ഉന്നയിക്കുന്നുണ്ട്.
പരീക്ഷാ നടത്തിപ്പിലെ സുതാര്യതയ്ക്കും ഭരണഘടനാപരമായ ഉത്തരവാദിത്തത്തിനും വേണ്ടിയുള്ള ഈ സമരം കേന്ദ്ര സര്‍ക്കാരും രാജ്യത്തെ യുവാക്കളും തമ്മിലുള്ള വലിയൊരു രാഷ്ട്രീയ തര്‍ക്കമായി നിലവില്‍ മാറിയിരിക്കുകയാണ്.
Content highlight: The British have left, but the colonial mindset remains; Mehbooba Mufti targets the Centre over Wanchuk’s protest.
ആദർശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.




