15
August, 2026

A News 365Times Venture

15
Saturday
August, 2026

A News 365Times Venture

വാര്‍ത്തകള്‍ പിന്‍വലിക്കാന്‍ മാധ്യമങ്ങളില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ട് സമ്മര്‍ദം ചെലുത്തുന്നുവെന്ന് മുന്‍ മന്ത്രി വീണ ജോര്‍ജ്

Date:



Kerala


വാര്‍ത്തകള്‍ പിന്‍വലിക്കാന്‍ മാധ്യമങ്ങളില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ട് സമ്മര്‍ദം ചെലുത്തുന്നുവെന്ന് മുന്‍ മന്ത്രി വീണ ജോര്‍ജ്

തിരുവനന്തപുരം: സംസ്ഥാനത്തെ മാധ്യമങ്ങളോട് ചില വാര്‍ത്തകള്‍ പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് സര്‍ക്കാര്‍ സമ്മര്‍ദം ചെലുത്തിയതായി മുന്‍ മന്ത്രി വീണ ജോര്‍ജ്. അടുത്തിടെ ഒരു മുതിര്‍ന്ന ജേണലിസ്റ്റിനോട് സംസാരിച്ചപ്പോള്‍ അവര്‍ തന്നോട് ഇക്കാര്യം വെളിപ്പെടുത്തിയെന്നും മുന്‍ മാധ്യമ പ്രവര്‍ത്തക കൂടിയായ വീണ ജോര്‍ജ് ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് വിളിച്ച് വാര്‍ത്തകള്‍ പിന്‍വലിക്കാന്‍ ആവശ്യപ്പെടുന്നുണ്ടെന്ന് ആ ജേണലിസ്റ്റ് തന്നോട് വെളിപ്പെടുത്തിയെന്നും വീണ ജോര്‍ജ് പറഞ്ഞു. ഇതിന് പിന്നാലെയാണ് മെറ്റയില്‍ മുഖ്യമന്ത്രിക്കെതിരായ വാര്‍ത്തകള്‍ക്ക് വിലക്ക് വന്നതായുള്ള വാര്‍ത്തകള്‍ താന്‍ അറിഞ്ഞതെന്നും വീണ വ്യക്തമാക്കി.

‘രണ്ടു ദിവസം മുന്‍പ് ഒരു സീനിയര്‍ ജേര്‍ണലിസ്റ്റിനോട് സംസാരിക്കുമ്പോള്‍ പറഞ്ഞു – അതിഭീകര സമ്മര്‍ദമാണ്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് നേരിട്ട് വിളിച്ചാണ് വാര്‍ത്തകള്‍ പിന്‍വലിക്കാന്‍ ആവശ്യപ്പെടുന്നത്. സ്തുതിപാഠകരല്ലാത്ത മാധ്യമങ്ങളിലാണ് സമ്മര്‍ദം. രണ്ടു ദിവസം കഴിഞ്ഞില്ല , നേരിട്ടുള്ള സമ്മര്‍ദവും പിന്നിട്ട് മെറ്റാ വഴി വാര്‍ത്തകളെ കൊല്ലുന്നു!,’ വീണ ജോര്‍ജ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

‘എതിര്‍വാര്‍ത്തകള്‍ ഉള്‍ക്കൊള്ളുന്ന പോസ്റ്റുകള്‍ നീക്കം ചെയ്യിക്കുന്നു. ചാനലുകളുടെയും, ഓണ്‍ലൈന്‍ മീഡിയയുടെയും മാത്രമല്ല രാഷ്ട്രീയ വിശകലനങ്ങള്‍ നടത്തുന്നവരുടെയും. ഒരു വാര്‍ത്ത ഇല്ലാതാക്കാന്‍ ശ്രമിച്ചാല്‍ ആ വാര്‍ത്ത പതിനായിരങ്ങള്‍ ഉറക്കെ വിളിച്ചു പറയും എന്ന് മറക്കേണ്ട!,’ മുന്‍ മന്ത്രി കുറിച്ചു.

സംസ്ഥാനത്ത് മുഖ്യമന്ത്രി വി.ഡി സതീശനെതിരായ വാര്‍ത്തകളുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ മെറ്റ നീക്കം ചെയ്യുന്നതായുള്ള വാര്‍ത്തകള്‍ പുറത്തുവരുന്നതിനിടെയാണ് മുന്‍ മന്ത്രിയുടെ പ്രതികരണം. നേരത്തെ മുന്‍ മന്ത്രിയും സി.പി.ഐ.എം നേതാവുമായി പി. രാജീവും ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു.

കേന്ദ്രത്തിന്റെ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ദുരുപയോഗം ചെയ്ത്, തങ്ങള്‍ക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങളെയും ജനശബ്ദങ്ങളെയും അടിച്ചമര്‍ത്താനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് രാജീവ് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. കേരളത്തില്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ അപ്രഖ്യാപിത അടിയന്തരവാസ്ഥയാണോ എന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിച്ചു.

റിപ്പോര്‍ട്ടര്‍ ടി.വി, കൈരളി ന്യൂസ് എന്നീ മലയാളം ചാനലുകളുടെ അടക്കമുള്ള സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ മെറ്റ നീക്കം ചെയ്തിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി നിയമം 2021 പ്രകാരമാണ് പോസ്റ്റുകള്‍ വിലക്കുന്നതെന്ന് ഈ ടി.വി ചാനലുകള്‍ അറിയിച്ചിരുന്നു. ഇക്കാര്യം വ്യക്തമാക്കി, പോസ്റ്റുകള്‍ വിലക്കിയതിനെക്കുറിച്ച് മെറ്റ നല്‍കുന്ന സന്ദേശത്തിന്റെ സ്‌ക്രീന്‍ഷോട്ടും അവര്‍ പങ്കുവച്ചിരുന്നു. ഇന്ത്യയില്‍ ദൃശ്യമാകാത്ത തരത്തില്‍ ഈ പോസ്റ്റുകള്‍ക്ക് പ്രാദേശിക വിലക്കാണ് മെറ്റ ഏര്‍പ്പെടുത്തിയത്.

വ്യാജവാര്‍ത്തകളും രാജ്യസുരക്ഷയെ ബാധിക്കുന്നതോ, വിദ്വേഷപ്രചാരണത്തിലൂടെ ക്രമസമാധാന തകര്‍ച്ചയുണ്ടാക്കുന്നതോ ആയ പോസ്റ്റുകളും വിലക്കാനാണ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി നിയമം വ്യവസ്ഥ ചെയ്യുന്നത്. എന്നാല്‍ അത്തരത്തിലുള്ള പോസ്റ്റുകളല്ല ഇപ്പോള്‍ കേരളത്തില്‍ സമൂഹ മാധ്യമങ്ങളില്‍നിന്ന് നീക്കം ചെയ്യപ്പെടുന്നതെന്ന് രാജീവ് ചൂണ്ടിക്കാട്ടി. സര്‍ക്കാരിനെ വിമര്‍ശിക്കുന്ന വാര്‍ത്തകള്‍ വായടപ്പിക്കാനായി നീക്കം ചെയ്യുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്നലെയും ഇന്നുമായാണ് (ഓഗസ്റ്റ് 11,12) സോഷ്യല്‍ മീഡിയയില്‍ നിന്ന് മുഖ്യമന്ത്രിക്കെതിരായ വാര്‍ത്തകളുടെ പോസ്റ്ററുകള്‍ നീക്കം ചെയ്യുന്നതായി ടി.വി ചാനലുകള്‍ അറിയിച്ചത്. ഇന്നലെ മുഖ്യമന്ത്രിയുടെ സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്റര്‍ മുഹമ്മദ് ഹുസ്സൈന്‍ ഉള്‍പ്പെടെ മൂന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ‘ഓപ്പറേഷന്‍ തൂഫാന്‍’ നടപടിയുടെ ഭാഗമായി പിടിയിലായ സംഭവത്തില്‍ റിപ്പോര്‍ട്ടര്‍ ടിവിയും കൈരളി ന്യൂസും നല്‍കിയ വാര്‍ത്താ കാര്‍ഡുകളും മെറ്റ നീക്കം ചെയ്തിരുന്നു.

ഇതിന് പിന്നാലെ മത്സ്യത്തൊഴിലാളി ജോണിന്റെ മകള്‍ മുഖ്യമന്ത്രിയെ വിമര്‍ശിച്ച വാര്‍ത്തയുടെ ലിങ്കുകളും പോസ്റ്ററുകളും നീക്കം ചെയ്യപ്പെട്ടെന്നും റിപ്പോര്‍ട്ടര്‍ ടി.വി അറിയിച്ചിരുന്നു.

‘ആര്‍.എസ്.എസ് വക്താവ് ടി.ജി മോഹന്‍ദാസിനെ തൊടാന്‍ സര്‍ക്കാരിന് പേടിയോ,’ എന്ന കൈരളിയുടെ പോസ്റ്ററും ഇന്നലെ മെറ്റ നീക്കം ചെയ്തിരുന്നു. ‘ക്ഷേമപെന്‍ഷന്‍ വീടുകളിലെത്തിക്കുന്നത് തുടരണം’ എന്ന് പിണറായി വിജയന്‍ ആവശ്യപ്പെട്ട വാര്‍ത്തയുടെ പോസ്റ്ററും നീക്കം ചെയ്യപ്പെട്ടതായും കൈരളി ഇന്നലെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഓണക്കാലത്തോടനുബന്ധിച്ച് സപ്ലൈകോയുടെ സബ്‌സിഡി വിതരണവുമായി ബന്ധപ്പെട്ട് കൈരളി ന്യൂസ് പ്രസിദ്ധീകരിച്ച വാര്‍ത്താ കാര്‍ഡ് ഇന്ന് മെറ്റ നീക്കം ചെയ്തിരുന്നു. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് സബ്‌സിഡി നിരക്കില്‍ വിതരണം ചെയ്തിരുന്ന അരിയും മറ്റ് അവശ്യസാധനങ്ങളും ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പ് വെട്ടിക്കുറച്ചുവെന്നായിരുന്നു വാര്‍ത്തയുടെ ഉള്ളടക്കം. ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെയാണ് കാര്‍ഡ് നീക്കം ചെയ്യപ്പെട്ടത്.

Content Highlight: Kerala Ex Health Minister Veena George Says that There are Pressure on Media From State Government




റെന്വര്‍ പി



കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.



Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related