ന്യൂഡല്‍ഹി: മുന്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയുടെ ‘ഹിന്ദു വര്‍ഗീയത’യുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അന്‍സാരിയുടെ പ്രസ്താവന തികച്ചും നിര്‍ഭാഗ്യകരമാണെന്നും, ആഗോളതലത്തില്‍ ഇന്ത്യയുടെ പ്രതിച്ഛായയെ മലിനമാക്കാനാണ് ഇത്തരം നീക്കങ്ങള്‍ ഉപകരിക്കുകയെന്നും അദ്ദേഹം ആരോപിച്ചു.
ഇന്ത്യയുടെ പ്രതിഛായ തകര്‍ക്കാനുള്ള ശ്രമമാണെന്നും രാജ്യത്തിന്റെ സനാതന പാരമ്പര്യത്തെയും ഹിന്ദു സംസ്‌ക്കാരത്തെയും അപമാനിക്കുന്നതാണെന്നും യോഗി പറഞ്ഞു. രാജ്യത്തെ വര്‍ഗീയ അന്തരീക്ഷത്തെക്കുറിച്ചും ഭരണഘടനാ മൂല്യങ്ങളെക്കുറിച്ചും ആശങ്ക പ്രകടിപ്പിച്ചുകൊണ്ടുള്ള ഹമീദ് അന്‍സാരിയുടെ പ്രസ്താവനയ്‌ക്കെതിരെയാണ് യോഗിയുടെ വിമര്‍ശനം.
ഉപരാഷ്ട്രപതി പോലെ ഉന്നതമായ ഭരണഘടനാ പദവി വഹിച്ചിരുന്ന ഒരാളില്‍ നിന്ന് ഇത്തരം പരാമര്‍ശങ്ങള്‍ പ്രതീക്ഷിച്ചതല്ലെന്നും, രാജ്യത്തിന്റെ ആഭ്യന്തര വിഷയങ്ങളെ തെറ്റായ രീതിയില്‍ ചിത്രീകരിക്കാനാണ് ഇത്തരക്കാര്‍ ശ്രമിക്കുന്നതെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
ഗ്രേറ്റര്‍ നോയിഡയിലെ ഗൗതം ബുദ്ധ സര്‍വകലാശാലയില്‍ നടന്ന ‘പ്രേരണ വിമര്‍ശ്’ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ സാംസ്‌കാരിക പാരമ്പര്യങ്ങളെ ഭീഷണിയായി കാണരുതെന്നും യോഗി പറഞ്ഞു.
ശനിയാഴ്ച ന്യൂദല്‍ഹിയില്‍ ഭരണഘടനാ വിദഗ്ധനും എഴുത്തുകാരനുമായിരുന്ന എ.ജി. നൂറാനിയെ അനുസ്മരിച്ച് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവെയാണ് ഹമീദ് അന്‍സാരി മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ അഭിപ്രായം ഉദ്ധരിച്ചത്. ഇന്ത്യക്ക് യഥാര്‍ഥ ഭീഷണി കമ്മ്യൂണിസമല്ല, ഹിന്ദു വലതുപക്ഷ സാമുദായികതയാണെന്ന നെഹ്‌റുവിന്റെ നിലപാടാണ് അന്‍സാരി പരാമര്‍ശിച്ചത്. നൂറാനിയുടെ ‘ദി ആര്‍എസ്എസ്: എ മെനസ് ടു ഇന്ത്യ’ എന്ന പുസ്തകവും അദ്ദേഹം പരാമര്‍ശിച്ചിരുന്നു.
Content Highlight: Yogi criticizes Hamid Ansari’s remarks against Hindu communalism, calling them an insult to Hindu culture and an attempt to undermine tradition.




