തിരുവനന്തപുരം: കേരള രാജ്യാന്തര ഡോക്യുമെന്ററി- ഹ്രസ്വചിത്ര മേളയില്‍ (ഐ.ഡി.എസ്.എഫ്.എഫ്.കെ) പ്രദര്‍ശിപ്പിക്കുന്നതിനായി തെരഞ്ഞെടുത്ത ചില ചിത്രങ്ങള്‍ക്ക് പ്രദര്‍ശനാനുമതി നിഷേധിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍.
ആവിഷ്കാര സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റമാണ് കേന്ദ്ര സര്‍ക്കാര്‍ നടപടിയെന്ന് തരൂര്‍ പറഞ്ഞു. സമൂഹ മാധ്യമ പോസ്റ്റിലൂടെയായിരുന്നു തരൂരിന്റെ പ്രതികരണം.
അന്താരാഷ്ട്ര തലത്തില്‍ രാജ്യത്തിനുള്ള ഇതിനകം തന്നെ മങ്ങലേറ്റിട്ടുള്ള പ്രതിച്ഛായ പൂര്‍ണ്ണമായും തകര്‍ക്കാന്‍ ഈ നടപടി കാരണമായേക്കാമെന്നും തരൂര്‍ ചൂണ്ടിക്കാട്ടി. ഈ തീരുമാനം ദൗര്‍ഭാഗ്യകരമാണെന്നും തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘സൃഷ്ടിപരമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന കലാകാരന്മാര്, ചലച്ചിത്ര പ്രവര്‍ത്തകര്‍, എഴുത്തുകാര്‍, അവരുടെ സൃഷ്ടികളെ ആസ്വദിക്കാന്‍ ആഗ്രഹിക്കുന്നവര്‍ എന്നിവര്‍ക്കിടയില്‍ ആഗോളതലത്തില്‍ നമ്മുടെ രാജ്യത്തിനുള്ള ഇതിനകം തന്നെ മങ്ങലേറ്റിട്ടുള്ള പ്രതിച്ഛായ പൂര്‍ണ്ണമായും തകര്‍ക്കാന്‍ ഈ നടപടി കാരണമായേക്കാം. അശ്വിനി വൈഷ്ണവ്, ഇത്രയും ദൗര്‍ഭാഗ്യകരമായ തീരുമാനമെടുത്ത ഉദ്യോഗസ്ഥരുടെ നടപടി അടിയന്തരമായി തിരുത്തണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ഈ വാര്‍ത്ത താന്‍ ഞെട്ടലോടെയാണ് കേട്ടതെന്ന് തരൂര്‍ പറഞ്ഞു. ഇന്ത്യയുടെ അഭിമാനകരമായ പാരമ്പര്യത്തോടുള്ള വഞ്ചനയാണ് ഈ നടപടിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘അടുത്ത ആഴ്ച തിരുവനന്തപുരത്ത് നടക്കാനിരിക്കുന്ന, അഭിമാനകരമായ 18-ാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി-ഹ്രസ്വചിത്ര മേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 31 ചിത്രങ്ങള്‍ക്ക് പ്രദര്‍ശനാനുമതി നിഷേധിച്ചുവെന്ന വാര്‍ത്ത ഞെട്ടലോടെയാണ് ഞാന്‍ കേട്ടത്.
ലോകസിനിമയിലെ മികച്ച സൃഷ്ടികള്‍ക്ക് ഇടമൊരുക്കുന്ന ഇന്ത്യയുടെ അഭിമാനകരമായ പാരമ്പര്യത്തോടുള്ള വഞ്ചന മാത്രമല്ല ഇത്. മറിച്ച്, നമ്മുടെ ജനാധിപത്യത്തിന്റെ ഏറ്റവും വലിയ സമ്പത്തുകളിലൊന്നായ ആവിഷ്കാര സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റം കൂടിയാണ്,’ തരൂര്‍ കുറിച്ചു.
സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ സെലക്ഷന് കമ്മിറ്റി തെരഞ്ഞെടുത്ത ചിത്രങ്ങളില്‍ 31 എണ്ണത്തിണ് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം പ്രദര്‍ശനാനുമതി നിഷേധിച്ചത്. മലയാളം ഡോക്യുമെന്ററി ‘ഗ്ലോബ്’ ദല്‍ഹിയിലെ ജന്തര്‍ മന്തര്‍ മേഖലയിലെ സമരങ്ങളുടെ ചരിത്രം പറയുന്ന ‘പാര്‍ലമെന്റ് സ്ട്രീറ്റ്’ എന്നിവ ഇതിലുള്‍പ്പെടുന്നു.
പ്രദര്‍ശനാനുമതി നിഷേധിച്ച നടപടി പുനപരിശോധിക്കണമെന്ന് സംസ്ഥാന ടൂറിസം, സാംസ്കാരിക, സിനിമാ വകുപ്പ് മന്ത്രി പി. സി. വിഷ്ണുനാഥ് ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര നടപടി ചലച്ചിത്ര മേളകളുടെ ക്യൂറേറ്റോറിയല്‍ സ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്തുന്ന നടപടിയാണെന്നും വിഷ്ണുനാഥ് അഭിപ്രായപ്പെട്ടിരുന്നു.
‘രാജ്യാന്തര ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കേണ്ട ചിത്രങ്ങള്‍ വിദഗ്ധ സമിതികളാണ് തിരഞ്ഞെടുക്കുന്നത്. സമഗ്രമായ പ്രക്രിയയിലൂടെ തെരഞ്ഞെടുത്ത ചിത്രങ്ങള്‍ക്ക് മേളയുടെ വേദിയില്‍ പ്രദര്‍ശിപ്പിക്കാനുള്ള അനുമതി നിഷേധിക്കുന്നത് ചലച്ചിത്ര മേളകളുടെ ക്യൂറേറ്റോറിയല്‍ സ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്തുന്ന നടപടിയാണ്,’ വിഷ്ണുനാഥ് കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞിരുന്നു.
അനുമതി നിഷേധിച്ച ചിത്രങ്ങളില്‍ 18 എണ്ണം മത്സര വിഭാഗത്തിലെയും ഒന്‍പത് എണ്ണം ഇന്റര്‍നാഷണല്‍ നോണ്‍ ഫിക്ഷന്‍ വിഭാഗത്തിലെയും മൂന്നെണ്ണം ഫെസ്റ്റിവല്‍ വിന്നേഴ്സ് വിഭാഗത്തിലെയും ഒന്നെണ്ണം നേപ്പാള്‍ പാക്കേജിലെയും ചിത്രങ്ങളാണ്. ഈ മാസം 25 മുതല്‍ 30 വരെ തിരുവനന്തപുരത്താണ് മേള.
Content Highlight: The government risks shredding our country’s already frayed image globally: Sasi Tharur on denial of permission of IDSFFK films by Broadcasting Ministry




