ലണ്ടന്‍: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നടക്കുന്ന പ്രതിഷേധത്തില്‍ ഭരണകൂടം നടത്തുന്ന അതിക്രമത്തെ അപലപിച്ച് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ബ്രിട്ടണ്‍. ജനാധിപത്യത്തിനെതിരെ ബി.ജെ.പി സര്‍ക്കാര്‍ നടത്തുന്ന നവ-ഫാസിസ്റ്റ് ആക്രമണങ്ങളെ അപലപിച്ച് കൊണ്ടാണ് ബ്രിട്ടീഷ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രസ്താവനയിറക്കിയത്.
ഇന്ത്യയില്‍ ജനാധിപത്യം സംരക്ഷിക്കാനും തെരഞ്ഞെടുപ്പ് സംവിധാനത്തിന്റെ വിശ്വാസ്യത നിലനിര്‍ത്താനുമായി നടത്തുന്ന പോരാട്ടത്തില്‍ ക്രൂരമായ ഭരണകൂട അടിച്ചമര്‍ത്തല്‍ നേരിടുന്ന കമ്മ്യൂണിസ്റ്റുകള്‍ക്കും ഇടത് പാര്‍ട്ടികള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നുവെന്നുവെന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ബ്രിട്ടണ്‍ പറഞ്ഞു.
‘സി.പി.ഐ.എം ജനറല്‍ സെക്രട്ടറി എം.എ. ബേബി, പിണറായി വിജയന്‍, ജോണ്‍ ബ്രിട്ടാസ്, ഐഷെ ഘോഷ്, തപന്‍ സെന്‍ എന്നിവരെയുള്‍പ്പെടെ പ്രമുഖ നേതാക്കളെ ദല്‍ഹി പൊലീസ് ആക്രമിക്കുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തതായി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ജന്തര്‍ മന്തറിലേക്ക് സമാധാനപരമായി നടത്തിയ മാര്‍ച്ചിനിടെ സി.പി.ഐ.എമ്മിന്റെ മുഴുവന്‍ കേന്ദ്ര കമ്മിറ്റിയെയും ദല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്തു’, പ്രസ്താവനയില്‍ പറയുന്നു.
എസ്.ഐ.ആര്‍ പ്രക്രിയയില്‍ ദശലക്ഷക്കണക്കിന് പേരുകള്‍ വോട്ടര്‍ പട്ടികയില്‍ നിന്നും നീക്കം ചെയ്യപ്പെടുകയും ഇത് പൗരന്മാരുടെ വോട്ടവകാശം നഷ്ടപ്പെടാന്‍ കാരണമായെന്നും കുറിപ്പില്‍ പറയുന്നു.
‘ബംഗാളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഹിന്ദു ദേശീയ പാര്‍ട്ടിയായ ബി.ജെ.പി തങ്ങള്‍ക്ക് വോട്ട് ചെയ്യാത്ത ന്യൂനപക്ഷങ്ങളുടെ വോട്ടവകാശം നഷ്ടപ്പെട്ടു. എസ്.ഐ.ആര്‍ പ്രക്രിയയിലെ ഒന്നിലധികം ക്രമക്കേടുകളും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി തള്ളിക്കളഞ്ഞ ഒരു ഡസനിലധികം എതിര്‍പ്പുകളും ഇന്ത്യന്‍ എക്‌സ്പ്രസ് പത്രം തുറന്നുകാട്ടി.
സി.പി.ഐ.എം, കോക്രോച്ച് മൂവ്‌മെന്റ്, എസ്.എഫ്.ഐ എന്നിവയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷപാര്‍ട്ടികള്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെടുന്നു’, കുറിപ്പില്‍ പറയുന്നു.
വോട്ട് ചെയ്യാനുള്ള അവകാശവും രാഷ്ട്രീയ അഭിപ്രായം പ്രകടിപ്പിക്കാനുള്ള അവകാശവും ജനാധിപത്യത്തിന്റെ അവിഭാജ്യ ഘടകമാണെന്നും ദശലക്ഷക്കണക്കിന് വോട്ടര്‍മാരെ വോട്ടര്‍ പട്ടികയില്‍ നിന്നും മായ്ച്ച് കളയാനുള്ള വലതുപക്ഷ സര്‍ക്കാരിന്റെ ശ്രമം ഇന്ത്യയുടെ ജനാധിപത്യത്തിന് നേരെയുള്ള നവ-ഫാസിസ്റ്റ് അക്രമണത്തിന് തുല്യമാണെന്നും പ്രസ്താവനയില്‍ പറയുന്നു.
ഇന്ത്യയിലെ ബ്രിട്ടീഷ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ജനകീയ ജനാധിപത്യത്തെ പ്രതിരോധിക്കാനുള്ള അവരുടെ പോരാട്ടത്തെ ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുന്നുവെന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.
Content Highlight: The Communist Party of Britain issues statement standing in full solidarity with the CPI(M) and progressive forces in India facing violent state repression while fighting to protect democratic rights




