11
November, 2026

A News 365Times Venture

11
Wednesday
November, 2026

A News 365Times Venture

ഇസ്രഈലിന്റെ നിയന്ത്രണങ്ങള്‍: ഗസയില്‍ അഞ്ച് ലക്ഷം കുട്ടികള്‍ സുരക്ഷിതമായ പാര്‍പ്പിടമില്ലാതെ കഴിയുന്നു: സേവ് ദി ചില്‍ഡ്രന്‍

Date:

ഗസ സിറ്റി: ഗസയില്‍ അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ സുരക്ഷിതമായ പാര്‍പ്പിടമില്ലാതെ കഴിയുകയാണെന്ന് യു.കെ ആസ്ഥാനമായുള്ള മനുഷ്യാവകാശ സംഘടനയായ ‘സേവ് ദി ചില്‍ഡ്രന്‍’. ഇസ്രഈല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളാണ് കുട്ടികള്‍ പാര്‍പ്പിടമില്ലാതെ കഴിയാന്‍ കാരണമെന്നും സംഘടന ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു.

ഗസയില്‍ അഭയാര്‍ത്ഥികള്‍ താമസിച്ചിരുന്ന പതിനായിരക്കണക്കിന് കൂടാരങ്ങള്‍ കൊടുങ്കാറ്റിനെയും മഴയെയും തുടര്‍ന്ന് വെള്ളത്തിനടിയിലായിരിക്കുകയാണ്. തകര്‍ന്ന കൂടാരങ്ങളിലും താത്കാലിക ഷെല്‍ട്ടറുകളിലുമായി അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ ശൈത്യകാലത്തെ നേരിടുകയാണെന്ന് സേവ് ദി ചില്‍ഡ്രന്‍ ചൂണ്ടിക്കാട്ടി.

തണുപ്പില്‍ നിന്ന് രക്ഷനേടാന്‍ പലരും മാലിന്യങ്ങള്‍ കത്തിക്കുകയാണ്. തണുപ്പില്‍ നിന്നും വെള്ളപ്പൊക്കത്തില്‍ നിന്നും സംരക്ഷണം നല്‍കാന്‍ ആവശ്യമായ വസ്തുക്കള്‍ ഗസയിലേക്ക് എത്തിക്കുന്നത് ഇസ്രഈല്‍ നിയന്ത്രണങ്ങള്‍ കാരണം തടസ്സപ്പെട്ടിരിക്കുകയാണെന്നും സംഘടന പ്രസ്താവനയില്‍ അറിയിച്ചു.

ഗസയിലെ ജനസംഖ്യയുടെ ഏകദേശം 58 ശതമാനവും ദുരന്തസമാനമായ പാര്‍പ്പിട സാഹചര്യങ്ങളിലാണ് കഴിയുന്നതെന്ന് ‘ഫലസ്തീന്‍ ഷെല്‍ട്ടര്‍ ക്ലസ്റ്റര്‍ നടത്തിയ സമീപകാല വിലയിരുത്തല്‍ വ്യക്തമാക്കുന്നു. 12 ലക്ഷത്തോളം പേരാണ് ഇത്തരത്തില്‍ കഴിയുന്നത്. ഇതില്‍ 5.6 ലക്ഷത്തിലധികം കുട്ടികളും ഉള്‍പ്പെടുന്നു.

‘ഒരു വര്‍ഷം മുമ്പ് പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരം, കൂടാരങ്ങള്‍ക്ക് പകരമായി കൂടുതല്‍ സുരക്ഷിതമായ താല്‍ക്കാലിക മൊബൈല്‍ വീടുകളായ കാരവാനുകള്‍ ഗസയിലേക്ക് കൊണ്ടുവരാന്‍ വ്യവസ്ഥയുണ്ടായിരുന്നു. എന്നാല്‍ ഇസ്രഈല്‍ അധികൃതര്‍ ഇവ ഗസയിലേക്ക് കൊണ്ടുവരുന്നത് ആവര്‍ത്തിച്ച് തടഞ്ഞു. ഇതിന്റെ ഫലമായി ലക്ഷക്കണക്കിന് കുട്ടികള്‍ക്ക് മറ്റൊരു ശൈത്യകാലം കൂടി കടുത്ത ദുരിതങ്ങള്‍ക്കിടയില്‍ കഴിയേണ്ടി വരുന്നു,’ സംഘടന ചൂണ്ടിക്കാട്ടി.

ഷെല്‍ട്ടര്‍ ക്ലസ്റ്റര്‍ നടത്തിയ സര്‍വേയില്‍ പങ്കെടുത്ത കുടുംബങ്ങളില്‍ പകുതിയോളം പേരും പാചക ആവശ്യങ്ങള്‍ക്കായി പ്ലാസ്റ്റിക്, ടയറുകള്‍, മാലിന്യങ്ങള്‍ അല്ലെങ്കില്‍ കാര്‍ഡ്‌ബോര്‍ഡ് എന്നിവ കത്തിക്കുന്നതായി വെളിപ്പെടുത്തി. കൂടാതെ, 84 ശതമാനം കുടുംബങ്ങളും തങ്ങളുടെ പാര്‍പ്പിടങ്ങള്‍ ചൂടാക്കാന്‍ ഫലപ്രദമായ മാര്‍ഗങ്ങളൊന്നും ഇല്ലെന്ന് അറിയിച്ചുവെന്നും സേവ് ദ ചില്‍ഡ്രന്‍ വ്യക്തമാക്കി.

‘ഇത്തരം വസ്തുക്കള്‍ കത്തിക്കുമ്പോള്‍ പുറത്തുവരുന്ന വിഷപ്പുക ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍, കാര്‍ബണ്‍ മോണോക്‌സൈഡ് വിഷബാധ തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും. കൂടാതെ, തീപിടുത്തത്തിനും പൊള്ളലേല്‍ക്കുന്നതിനും ഇത് വഴിവെച്ചേക്കാം,’ സേവ് ദ ചില്‍ഡ്രന്‍ മുന്നറിയിപ്പ് നല്‍കി.

ഇസ്രഈല്‍ നിയന്ത്രണങ്ങള്‍ കാരണം ശൈത്യകാലത്തേക്ക് ആവശ്യമായ മറ്റ് അവശ്യവസ്തുക്കള്‍ ഗസയിലേക്ക് എത്തുന്നതും തടസപ്പെട്ടു. കൂടാരങ്ങള്‍, ടാര്‍പോളിനുകള്‍, പ്ലാസ്റ്റിക് ഷീറ്റുകള്‍, ഇന്‍സുലേഷന്‍ സാമഗ്രികള്‍, പുതപ്പുകള്‍, ഇന്ധനം, പാചക വാതകം, ഹീറ്റിംഗ് ഉപകരണങ്ങള്‍, കേടായ പാര്‍പ്പിടങ്ങള്‍ അറ്റകുറ്റപ്പണി നടത്താന്‍ ആവശ്യമായ നിര്‍മ്മാണ വസ്തുക്കള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ഗസയിലെ കുട്ടികളെ സംബന്ധിച്ചിടത്തോളം ഇത്തരം സാഹചര്യങ്ങള്‍ ജീവന് ഭീഷണിയാവാമെന്നും സംഘടന മുന്നറിയിപ്പ് നല്‍കി.

ശൈത്യകാല വസ്ത്രങ്ങളില്ലാതെ കുട്ടികള്‍ കൊടും തണുപ്പില്‍ വിറങ്ങലിച്ചു കഴിയുകയാണ്. കുടുംബങ്ങള്‍ക്ക് അവശേഷിച്ചിരുന്ന വസ്തുവകകളും നഷ്ടപ്പെട്ടു. ഇതൊരു ഹൃദയഭേദകമായ കാര്യമാണ്. ഇത് സംഭവിക്കുമെന്ന് നേരത്തെ തന്നെ പ്രവചിക്കാവുന്നതുമായിരുന്നുവെന്ന് സേവ് ദി ചില്‍ഡ്രന്‍ ഇന്റര്‍നാഷണല്‍ റീജിയണല്‍ ഡയറക്ടര്‍ അഹ്‌മദ് അല്‍ഹെന്ദാവി പറഞ്ഞു.

‘ഇത് വെറും മോശം കാലാവസ്ഥയുടെ ഫലം മാത്രമല്ല. ഗസ അതിര്‍ത്തികളില്‍ കൂടാരങ്ങളും, അഭയത്തിനായുള്ള സാമഗ്രികളും, ഇന്ധനവും എത്തിയിട്ടുണ്ടെങ്കിലും, ഇസ്രഈല്‍ അധികൃതര്‍ അവ അകത്തേക്ക് കടക്കാന്‍ അനുവദിക്കാത്തതിനാല്‍ കുട്ടികള്‍ക്ക് വെള്ളക്കെട്ടില്‍ കിടന്നുറങ്ങേണ്ടി വരുന്നു.

ഇതൊരു ബോധപൂര്‍വ്വമായ തീരുമാനമാണ്, ഇതിന്റെ വില നല്‍കുന്നത് കുട്ടികളാണ്. വെടിനിര്‍ത്തല്‍ എന്ന് വിളിക്കപ്പെടുന്ന കരാര്‍ നിലവില്‍ വന്നിട്ട് ഒരു വര്‍ഷത്തിലേറെയായിട്ടും, ഫലസ്തീന്‍ കുട്ടികളെ സംരക്ഷിക്കുന്നതില്‍ അത് പരാജയപ്പെട്ടു,’ അല്‍ഹെന്ദാവി കൂട്ടിച്ചേര്‍ത്തു.

ഗസയില്‍ പലായനം ചെയ്യപ്പെട്ട മൂന്നര ലക്ഷത്തോളം പേര്‍ക്ക് കൊടുങ്കാറ്റിനെയും മഴയെയും തുടര്‍ന്ന് അഭയ കേന്ദ്രങ്ങള്‍ നഷ്ടപ്പെച്ചതായി ഗസ ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. കൂടാരങ്ങള്‍ ഇല്ലാത്തതിനാല്‍ ഈ മൂന്നര ലക്ഷത്തോളം പേര്‍ ഇപ്പോള്‍ തുറന്ന ഇടങ്ങളില്‍ കഴിയുകയാണെന്നും ആരോഗ്യ മന്ത്രാലയം ഡയറക്ടര്‍ ജനറല്‍ മുനീര്‍ അല്‍-ബുര്‍ഷ് കഴിഞ്ഞ ദിവസം അറിയിച്ചു. ഗസയില്‍ കുട്ടികള്‍ തണുത്തുറഞ്ഞ് മരിക്കുന്നത് കാണാനാണോ ലോകം കാത്തിരിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചിരുന്നു.

ആയിരക്കണക്കിന് കൂടാരങ്ങള്‍ അതിര്‍ത്തികളില്‍ എത്തിയിട്ടുണ്ടെങ്കിലും, ഇസ്രഈല്‍ സൈന്യം അവ അകത്തേക്ക് കടക്കാന്‍ അനുവദിക്കുന്നില്ല. അതേസമയം, കൊടുങ്കാറ്റ് കാരണം 3,50,000-ത്തോളം അഭയാര്‍ഥികള്‍ക്ക യാതൊരു സംരക്ഷണവുമില്ലാതെ പുറത്ത് കഴിയേണ്ടി വന്നിരിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

വെള്ളിയാഴ്ച വൈകുന്നേരം മുതല്‍, കനത്ത മഴയും ശക്തമായ കാറ്റും അടങ്ങിയ മോശം കാലാവസ്ഥ ഗാസ മുനമ്പില്‍ തുടരുകയാണ്. മഴയില്‍ നിന്നും തണുപ്പില്‍ നിന്നും കാര്യമായ സംരക്ഷണം നല്‍കാത്ത, ദ്രവിച്ച കൂടാരങ്ങളില്‍ കഴിയുന്ന അഭയാര്‍ഥികളുടെ ദുരിതം ഇത് കൂടുതല്‍ വഷളാക്കിയിരിക്കുന്നു.

ഞായറാഴ്ച മധ്യ ഗാസയിലെ ദെയ്ര് അല്‍-ബലഹില്‍ അഭയാര്‍ഥികള്‍ താമസിച്ചിരുന്ന കൂടാരങ്ങള്‍ക്ക് മുകളിലേക്ക് മണ്ണിടിച്ചില്‍ ഉണ്ടായതിനെത്തുടര്‍ന്ന് ഒരു ഫലസ്തീന്‍ സ്ത്രീയും നാല് കുട്ടികളും കൊല്ലപ്പെട്ടതായി ഗാസ സിവില്‍ ഡിഫന്‍സ് അറിയിച്ചിരുന്നു. അപകടത്തില്‍ ചിലര്‍ക്ക് പരിക്കേല്‍ക്കുകയും ചിലരെ കാണാതാവുകയും ചെയ്തിരുന്നു. കാണാതായവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.

Content Highlight: Save the Children warns over 1/2 million children in Gaza lack safe shelter amid Israeli restrictions

 

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related