21
November, 2026

A News 365Times Venture

21
Saturday
November, 2026

A News 365Times Venture

‘തങ്ങളെ ക്രൂരമായി അക്രമിച്ചത് ഇപ്പോഴും മറച്ചുവെക്കുകയാണ്’; ഷുക്കൂര്‍ വധക്കേസിലെ മാധ്യമ റിപ്പോര്‍ട്ടുകള്‍ക്കെതിരെ പി. ജയരാജന്‍

Date:

തിരുവനന്തപുരം: അരിയില്‍ ഷുക്കൂര്‍ വധക്കേസിലെ വിധിക്ക് പിന്നാലെ പ്രമുഖ മാധ്യമങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി സി.പി.ഐ.എം നേതാവ് പി. ജയരാജന്‍. കേസിന് ആസ്പദമായ സംഭവത്തില്‍ താനും ടി.വി. രാജേഷും ആക്രമിക്കപ്പെട്ടെന്നും എന്നാല്‍ ചില മാധ്യമങ്ങള്‍ ‘ആക്രമിക്കപ്പെട്ടതായി ആരോപിക്കപ്പെടുന്ന സംഭവം’ എന്ന രീതിയിലാണ് വാര്‍ത്ത നല്‍കിയതെന്നും ജയരാജന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ ആരോപിച്ചു.

മുസ്‌ലിം ലീഗ് അക്രമം നടന്ന പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ പോയ തങ്ങളെ ക്രൂരമായി ആക്രമിച്ചെന്നും പരിക്കേറ്റ തങ്ങളെ ആശുപത്രിയിലെത്തിച്ചത് പൊലീസാണെന്നും അദ്ദേഹം പറഞ്ഞു. തങ്ങള്‍ക്ക് പരിക്കേറ്റെന്ന കൃത്യമായ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ആശുപത്രിയിലെത്തിച്ചതെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

എന്നിട്ടും കേസിന്റെ വിധി വന്ന ഘട്ടത്തില്‍ ഞങ്ങള്‍ ആക്രമിക്കപ്പെട്ടതിനെ പോലും സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്ന തരത്തിലുള്ള അധമ മാധ്യമ പ്രവര്‍ത്തനമാണ് ചിലര്‍ നടത്തുന്നതെന്നും ഇത്തരം കമ്മ്യൂണിസ്റ്റ് വിരുദ്ധ മാധ്യമസമീപനങ്ങള്‍ തീര്‍ച്ചയായും പരിശോധിക്കപ്പെടേണ്ടതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മേല്‍പറഞ്ഞ അധമ മാധ്യമ പ്രവര്‍ത്തനങ്ങളാല്‍ സ്വാധീനിക്കപ്പെട്ട് ഇന്ത്യയിലെ നിയമവിധേയ പ്രവര്‍ത്തനം നടത്തുന്ന സി.പി.ഐ.എമ്മിന്റെ ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന ഒരാളെ ‘സ്വയം പ്രഖ്യാപിത നാടുവാഴി ‘ യായി ഒരു മുന്‍ വിധികര്‍ത്താവ് എഴുതി വെക്കുന്നുണ്ടെങ്കില്‍ അദ്ദേഹത്തെ പിടികൂടിയ മാര്‍ക്‌സിസ്റ്റ് വിരുദ്ധജ്വരത്തിന് കൂടി ചികിത്സ നടത്തണം. മുന്‍ ജഡ്ജി കമാല്‍ പാഷയുടെ വിധിയെ വിമര്‍ശിച്ചുകൊണ്ട് പി. ജയരാജന്‍ പറഞ്ഞു.

കേസില്‍ തങ്ങളെ അക്രമികളായി ചിത്രീകരിക്കണമെന്ന് ഏറ്റവും കൂടുതല്‍ ആഗ്രഹിച്ചതും അതിനായി ശ്രമിച്ചതും മുസ്‌ലിം ലീഗാണെന്നും കോടതിയില്‍ കള്ളമൊഴി നല്‍കിക്കാന്‍ അവര്‍ നിരവധി സാക്ഷികളെ തയ്യാറാക്കി നിര്‍ത്തിയെന്നും അദ്ദേഹം ആരോപിച്ചു. കൊണ്ടുവന്ന സാക്ഷികളില്‍ ചിലര്‍ കോടതിയില്‍ നുണ പറയാന്‍ തയ്യാറായില്ല എന്നതാണ് യാഥാര്‍ത്ഥ്യമെന്നും അദ്ദേഹം പറഞ്ഞു.

മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ തന്നെയായ ചില സാക്ഷികള്‍ എങ്കിലും ഇത്തരത്തില്‍ വ്യാജമൊഴി നല്‍കാന്‍ തയ്യാറാകാതിരുന്നത് അവര്‍ യഥാര്‍ത്ഥ സത്യവിശ്വാസികള്‍ ആയതുകൊണ്ടാണ്. ഒരു യഥാര്‍ത്ഥ വിശ്വാസിക്ക് മനസാക്ഷിക്ക് വിരുദ്ധമായി കള്ളസാക്ഷി പറയാന്‍ കഴിയില്ല.

സത്യത്തിലും നീതിയിലും ന്യായത്തിലും വിശ്വസിക്കുന്ന മനുഷ്യര്‍ക്ക് കള്ളം പറയാന്‍ സാധിക്കാത്തതുകൊണ്ട് മാത്രമാണ് പ്രോസിക്യൂഷന്റെ പല നീക്കങ്ങളും പാളിപ്പോയതെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ എതിരാളികളെ കുടുക്കാന്‍ കള്ളസാക്ഷികളെ സൃഷ്ടിക്കുന്ന തെറ്റായ കീഴ് വഴക്കങ്ങളെക്കുറിച്ച് സമൂഹം ഗൗരവമായി ചിന്തിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസമാണ് യൂത്ത് ലീഗ് പ്രവര്‍ത്തകനായിരുന്ന അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികള്‍ക്കുള്ള ശിക്ഷ എറണാകുളത്തെ പ്രത്യേക സി.ബി.ഐ കോടതി വിധിച്ചത്. ഏഴ് പ്രതികള്‍ക്ക് ജീവപര്യന്തമാണ് ശിക്ഷ. കുറ്റക്കാരെന്ന് കണ്ടെത്തിയ 13 പ്രതികളില്‍ ബാക്കി ആറ് പ്രതികള്‍ക്ക് കോടതി ജാമ്യം അനുവദിച്ചു.

കേസില്‍ 18 പേരെയാണ് വെറുതേ വിട്ടത്. സി.പി.ഐ.എം നേതാവായ പി.ജയരാജന്‍, ടി.വി.രാജേഷ്, എം.വി.ഗോവിന്ദന്റെ മകന്‍ ശ്യാംജിത് എന്നിവരടക്കമുള്ളവരാണ് കുറ്റവിമുക്തരായത്. ഇവര്‍ക്കെതിരെ ഗൂഢാലോചന കുറ്റം തെളിയിക്കാനായില്ല എന്ന് കോടതി വ്യക്തമാക്കിയിരുന്നു.

Content Highlight: P. Jayarajan criticized media reports regarding the Ariyil Shukoor murder case

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related