കൊച്ചി: മലയാളിയായ സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകന്‍ റെജാസ് എം. ഷീബ സിദ്ധിഖിനെതിരെ മഹാരാഷ്ട്ര പൊലീസ് ചുമത്തിയ യു.എ.പി.എ പ്രകാരമുള്ള കുറ്റങ്ങള്‍ നാഗ്പൂരിലെ ഒരു കോടതി ഒഴിവാക്കി. റെജാസിനെതിരെ യു.എ.പി.എ പ്രകാരം പൊലീസ് കേസെടുത്ത് ഏകദേശം 19 മാസത്തിന് ശേഷമമാണ് കോടതി ഈ വകുപ്പ് പ്രകാരമുള്ള കുറ്റങ്ങള്‍ ഒഴിവാക്കുന്നത്.
ഇന്ന് റെജാസിന്റെ കേസ് പരിഗണിച്ച നാഗ്പൂര്‍ ജില്ലാ ആന്‍ഡ് സെഷന്‍സ് കോടതി ജാമ്യാപേക്ഷയിലുള്ള വാദം കേള്‍ക്കുന്നത് ഡിസംബര്‍ മൂന്നിലേക്ക് മാറ്റി. റെജാസിനെതിരായ യു.എ.പി.എ കുറ്റങ്ങള്‍ ഒഴിവാക്കിയെങ്കിലും, ഭാരതീയ ന്യായ സംഹിത പ്രകാരമുള്ള 152, 353 (1) എന്നീ വകുപ്പുകള്‍ ചുമത്തി വിചാരണ നടത്താന്‍ കോടതി ഉത്തരവിട്ടതായി ന്യൂസ് മിനുറ്റ് റിപ്പോര്‍ട്ട് ചെയ്തു.
നിരോധിത സംഘടനകളുമായി ബന്ധമുണ്ടെന്നാരോപിച്ച് 2025 മെയ് ഏഴിനാണ് റെജാസിനെ നാഗ്പൂരില്‍ വെച്ച് അറസ്റ്റ് ചെയ്തത്. പിന്നീട് അദ്ദേഹത്തെ നാഗ്പൂര്‍ സെന്‍ട്രല്‍ ജയിലേക്ക് മാറ്റി. 560 ദിവസമായി വിചാരണ തടവില്‍ കഴിയുന്ന റെജാസിന് ഇക്കാലയളവില്‍ ജാമ്യം ലഭിച്ചിരുന്നില്ല.
26 വയസ്സായിരുന്നു അറസ്റ്റിലായ സമയത്ത് റെജാസിന് പ്രായം കേരള സര്‍വകലാശാലയില്‍ നിന്ന് സോഷ്യല്‍ വര്‍ക്കില്‍ ബിരുദം നേടിയ റെജാസ് മക്തൂബ്, കൗണ്ടര്‍ കറന്റ്സ് തുടങ്ങിയ സ്വതന്ത്ര മാധ്യമ പ്ലാറ്റ്ഫോമുകളില്‍ എഴുതിയിട്ടുണ്ട്. പോലീസ് അതിക്രമങ്ങള്‍, വ്യവസ്ഥാപിതമായ വിവേചനം, ഇന്ത്യയിലെ തടവുകാരുടെ ദുരിതങ്ങള്‍ എന്നിവയായിരുന്നു റെജാസ് മാധ്യമപ്രവര്‍ത്തകനെന്ന നിലയില്‍ പരിഗണിച്ച പ്രധാന വിഷയങ്ങള്‍.
കേന്ദ്ര സര്‍ക്കാരിനെയും സൈന്യത്തിന്റെ നടപടികളെയും വിമര്‍ശിച്ചുകൊണ്ടുള്ള സോഷ്യല്‍ മീഡിയ പോസ്റ്റുകളിട്ടതുമായി ബന്ധപ്പെട്ട കേസിലായിരുന്നു റിജാസിനെ മഹാരാഷ്ട്ര പൊലീസ് 2025 മേയില്‍ അറസ്റ്റ് ചെയ്തത്. നാഗ്പൂരിലെ ഒരു ഹോട്ടല്‍ മുറിയില്‍ നിന്ന് ലകഡ്ഗഞ്ച് പൊലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു.
അന്ന് റിജാസിന്റെ പക്കല്‍ നിന്ന് പൊലീസ് പിടിച്ചെടുത്ത പുസ്തകങ്ങളുടെ പേരില്‍ മാവോയിസ്റ്റ് ബന്ധവും അദ്ദേഹത്തിനെതിരെ ആരോപിക്കപ്പെട്ടിരുന്നു. പ്രൊഫസര്‍ ജി.എന്‍ സായിബാബയുടെ ജീവിതത്തെ കുറിച്ചും മാര്‍ക്സിസം-ലെനിനിസത്തെക്കുറിച്ചുമുള്ള ഓരോ പുസ്തകങ്ങളും ‘ഒണ്‍ലി പീപ്പിള്‍ മേക്ക് ദെയര്‍ ഓണ്‍ ഹിസ്റ്ററി’ എന്ന പുസ്തവുമായിരുന്നു ആ ഹോട്ടല്‍ റൂമില്‍ നിന്ന് പിടിച്ചെടുത്തത്.
Content Highlight: The court dropped UAPA charges against Malayali journalist Rejas.




