ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും ബി.ജെ.പിക്കെതിരെയും രൂക്ഷ വിമര്‍ശനവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്, റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമര്‍ പുടിന്‍ എന്നിവര്‍ പങ്കെടുത്ത ത്രികക്ഷി കൂടിക്കാഴ്ചയുടെ പശ്ചാത്തലത്തിലായിരുന്നു രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം.
കോണ്‍ഗ്രസാണ് ഭരണത്തിലിരിക്കുന്നതെങ്കില്‍ ഇന്ത്യയുടെ പ്രധാനമന്ത്രി ഈ മേശയില്‍ ഇരിക്കുമായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. ഒത്തുത്തീര്‍പ്പിന് വിധേയനായ ഒരു പ്രധാനമന്ത്രിക്ക് ഈ മേശയില്‍ ഇരിക്കാന്‍ ഒരിക്കലും കഴിയില്ലെന്നും കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.
ചൈനയിലെ ഷെന്‍ഷെനില്‍ നടന്ന 2026-ലെ അപെക് സാമ്പത്തിക ഉച്ചകോടിക്കിടെയാണ് ഈ ത്രികക്ഷി കൂടിക്കാഴ്ച നടന്നത്. ആണവ ഭീഷണികള്‍, ഊര്‍ജ വിതരണം, അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ അധികാരപരിധി തുടങ്ങിയ വിഷയങ്ങള്‍ ഉള്‍പ്പെടുത്തി ‘സമാധാനത്തിലേക്കുള്ള പ്രഖ്യാപനം’ ഈ യോഗത്തില്‍ പുറത്തിറക്കിയിരുന്നു.
രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന സമ്മിശ്ര പ്രതികരണങ്ങള്‍ക്കാണ് വഴിവെച്ചത്. ആഗോള വേദികളില്‍ ഇന്ത്യയുടെ നയതന്ത്ര സാന്നിധ്യം ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് അനുകൂലികള്‍ ഇതിനെ പിന്തുണച്ചപ്പോള്‍, ബി.ജെ.പി അനുകൂലികളും വിമര്‍ശകരും ഇതിനെതിരെ രംഗത്തെത്തി. ഇന്ത്യ അപെക് കൂട്ടായ്മയില്‍ അംഗമല്ലെന്നും, മുന്‍പ് കോണ്‍ഗ്രസ് ഭരണകാലത്തും ഇന്ത്യ ഈ ഉച്ചകോടികളില്‍ പങ്കെടുത്തിരുന്നില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി.
Content Highlight: If the Congress were in power, India would have been at that table too: Rahul Gandhi takes a dig at Modi.




