പെഗാസസ് ഉപയോഗിക്കാം; ആര്‍ക്കെതിരെയാണ് എന്നതിലാണ് പ്രശ്‌നം: സുപ്രീം കോടതി
ന്യൂദല്‍ഹി: ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട സാഹചര്യങ്ങളില്‍ ഇസ്രഈല്‍ ചാര സോഫ്റ്റ് വെയറായ പെഗാസസ് ഉപയോഗിക്കാമെന്ന് സുപ്രീംകോടതി.
രാജ്യം സ്‌പൈവെയര്‍ ഉപയോഗിക്കുന്നതില്‍ തെറ്റില്ലെന്നും ആര്‍ക്ക് എതിരെ ഉപയോഗിക്കുന്നു എന്നതാണ് പ്രശ്‌നമെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ സുരക്ഷ നമുക്ക് വിട്ടുവീഴ്ച്ച ചെയ്യാന്‍ സാധിക്കില്ലെന്നും സുപ്രീംകോടതി കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ വ്യക്തികള്‍ക്ക് മേല്‍ പെഗാസസ് ഉപയോഗിക്കുന്നത് സുപ്രീം കോടതി വിലക്കിയിട്ടുണ്ട്. വ്യക്തികളുടെ സ്വകാര്യത ലംഘിക്കാന്‍ സോഫ്റ്റ്‌വെയര്‍ ദുരുപയോഗം ചെയ്താല്‍ അതില്‍ ഇടപെടുമെന്നും കോടതി അറിയിച്ചു. പെഗാസസ് ഉപയോഗിച്ചതുമായി ബന്ധപ്പെട്ട ഹരജികള്‍ പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ നിരീക്ഷണം.
ജസ്റ്റിസുമാരായ സൂര്യകാന്ത്, എന്‍. കോടീശ്വര്‍ സിങ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.
ഹരജിക്കാര്‍ക്ക് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ദിനേഷ് ദ്വിവേദി കേന്ദ്ര സര്‍ക്കാരിന്റെ പക്കല്‍ പെഗാസസ് ഉണ്ടോ അത് അവര്‍ ഉപയോഗിച്ചിരുന്നോ എതാണ് യഥാര്‍ത്ഥ പ്രശ്‌നമെന്ന ചോദ്യം ഉന്നയിച്ചു.
അഭിഭാഷകന്റെ ഈ ചോദ്യത്തിന് ഉത്തരം നല്‍കവെയാണ് ദേശസുരക്ഷയ്ക്കായി സ്‌പൈ വെയര്‍ ഉപയോഗിക്കുതില്‍ തെറ്റില്ലെന്ന് കോടതി വ്യക്തമാക്കിയത്. എന്നാല്‍ ഇതില്‍ താന്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന കാര്യം അറിയാന്‍ വ്യക്തികള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഈ ആശങ്ക പൂര്‍ണമായും പരിഹരിക്കപ്പെടണമെന്ന് ബെഞ്ച് വ്യക്തമാക്കി.
2022ല്‍ രാഷ്ട്രീയക്കാരെയും പത്രപ്രവര്‍ത്തകരേയും ആക്ടിവിസ്റ്റുകളേയും നീരീക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പെഗാസസ് ഉപയോഗിച്ചിട്ടുണ്ടോ എന്നതിനെക്കുറിച്ച് അന്വേഷിക്കാന്‍ സുപ്രീം കോടതി ഒരു മൂന്നംഗ പാനലിനെ നിയമിച്ചിരുന്നു.
ഈ പാനല്‍ നടത്തിയ അന്വേഷണത്തില്‍ 29 സെല്‍ഫോണുകള്‍ പരിശോധിക്കുകയും അഞ്ചെണ്ണത്തില്‍ ചില മാല്‍വെയറുകല്‍ കണ്ടെത്തിയെങ്കിലും പെഗാസസിന്റെ സാന്നിധ്യം സ്ഥിരീകരിക്കാന്‍ സാധിച്ചിട്ടില്ല. സൈബര്‍ സുരക്ഷ, ഡിജിറ്റല്‍ ഫോറന്‍സിക്‌സ്, നെറ്റ്വര്‍ക്കുകള്‍, ഹാര്‍ഡ്വെയര്‍ എന്നീ മേഖലകളിലെ വിദഗ്ദരായ നവീന്‍ കുമാര്‍ ചൗധരി, പ്രഭാകരന്‍. പി, അശ്വിന്‍ അനില്‍ ഗുമാസ്‌തെ എന്നിവരായിരുന്നു പാനലിലെ അംഗങ്ങള്‍.
എന്നാല്‍ സമിതിയുടെ റിപ്പോര്‍ട്ട് പുറത്ത് വിടില്ലെന്ന് സുപ്രീം കോടതി അറിയിച്ചിട്ടുണ്ട്. രാജ്യസുരക്ഷയെ മുന്‍നിര്‍ത്തിയാണ് റിപ്പോര്‍ട്ട് വെളിപ്പെടുത്താതതെന്നും കോടതി വ്യക്തമാക്കി. വ്യക്തികത ആശങ്കകള്‍ പരിഹരിക്കപ്പെടണമെങ്കിലും തെരുവുകളില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു രേഖയാക്കി അതിനെ മാറ്റാന്‍ സാധിക്കില്ലെന്നും ബെഞ്ച് അറിയിച്ചു. ജൂലൈ 30ന് കേസ് വീണ്ടും പരിഗണിക്കും.
Content Highlight: Pegasus can be used; the question is against whom: Supreme Court