national news
കമ്മ്യൂണിറ്റിയെ അപകടകാരികളായി മുദ്രകുത്തുകയാണോ? എല്‍.ജി.ബി.ടി.ക്യൂ.എ.പ്ലസ് കമ്മ്യൂണിറ്റിക്ക് രക്തദാനം നിഷേധിക്കുന്നത് ചോദ്യം ചെയ്ത് സുപ്രീം കോടതി
ന്യൂദല്‍ഹി: എല്‍.ജി.ബി.ടി.ക്യൂ.എ.പ്ലസ് കമ്മ്യൂണിറ്റിയില്‍ ഉള്‍പ്പെടുന്ന വ്യക്തികളെ രക്തദാനത്തില്‍ നിന്നും നിഷേധിക്കുന്ന മെഡിക്കല്‍ മാര്‍ഗനിര്‍ദ്ദേശങ്ങളെ ചോദ്യം ചെയ്ത് സുപ്രീം കോടതി. മെഡിക്കല്‍ മാര്‍ഗനിര്‍ദേശങ്ങളിലെ പക്ഷപാതപരമായ നിര്‍ദേശങ്ങള്‍ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് വിദഗ്ധാഭിപ്രായം തേടാനും സുപ്രീം കോടതി കേന്ദ്രസര്‍ക്കാരിനോട് നിര്‍ദേശിച്ചു.
ട്രാന്‍സ്‌ജെന്‍ഡേര്‍സ്, ലൈംഗികതൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള വ്യക്തികള്‍ക്ക് രക്തം ദാനം ചെയ്യുന്നത് നിഷേധിക്കുന്നതിനെതിരെ സമര്‍പ്പിച്ച ഹരജികള്‍ പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. ജസ്റ്റിസുമാരായ സൂര്യകാന്ത്, എന്‍. കോടീശ്വര്‍ സിങ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിരീക്ഷണം.
രക്തദാനം നിഷേധിക്കുന്നതിലൂടെ വേര്‍തിരിക്കപ്പെടുന്ന ഒരു ഗ്രൂപ്പിനെയല്ലേ സൃഷ്ടിക്കുന്നതെന്ന് കോടതി ചോദിച്ചു. ഇത്തരം പ്രവര്‍ത്തികളിലൂടെ കമ്മ്യൂണിറ്റിയെ സമൂഹത്തിന് മുമ്പില്‍ പക്ഷപാതവും മുന്‍വിധികളും സൃഷ്ടിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.
എല്ലാ ട്രാന്‍സ്‌ജെന്‍ഡറുകളെയും അപകടകാരികളായി മുദ്രകുത്തി പരോക്ഷമായി ഈ കമ്മ്യൂണിറ്റിയെ കളങ്കപ്പെടുത്താന്‍ ശ്രമിക്കുകയാണോ എന്ന് ചോദിച്ച കോടതി ട്രാന്‍സ്‌ജെന്‍ഡര്‍മാരും രോഗങ്ങളും തമ്മില്‍ ഏതെങ്കിലും തരത്തിലുള്ള ബന്ധമുണ്ടോയെന്നതില്‍ മെഡിക്കല്‍ സംബന്ധമായ തെളിവുകളുണ്ടോയെന്നും ആരാഞ്ഞു.
ഇക്കാര്യങ്ങളില്‍ വിശദമായ അഭിപ്രായം ആവശ്യമുണ്ടെന്നറിയിച്ച കോടതി വിദഗ്ധരുടെ അഭിപ്രായം തേടണമെന്നും വ്യക്തമാക്കി. ഒരു കമ്മ്യൂണിറ്റി എന്ന നിലയില്‍ അവര്‍ അപമാനിക്കപ്പെടാതിരിക്കാന്‍ ചര്‍ച്ചകള്‍ ആവശ്യമാണെന്നും അതുവരെ മെഡിക്കല്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രാബല്യത്തില്‍ തുടരട്ടെയെന്നും കോടതി കേന്ദ്രത്തിനോട് നിര്‍ദേശിച്ചു.
അതേസമയം രക്തദാനം വിലക്കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ ട്രാന്‍സ്ഫ്യൂഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ പുറപ്പെടുവിച്ചതാണെന്ന് കേന്ദ്രത്തിന് വേണ്ടി ഹാജരായ അഭിഭാഷക ഐശ്വര്യ ഭാട്ടി സുപ്രീം കോടതിയെ അറിയിച്ചു.
എല്‍.ജി.ബി.ടി.ക്യൂ.എ.പ്ലസ് കമ്മ്യൂണിറ്റിയില്‍ നിന്നും രക്തം സ്വീകരിക്കുന്നത് ഹൈ റിസ്‌ക് വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും അതിനാല്‍ രക്തം ദാനം ചെയ്യുന്നതില്‍ നിന്നും കമ്മ്യൂണിറ്റിയെ വിലക്കുകയും ചെയ്തിട്ടുണ്ടെന്നും അഭിഭാഷക പറഞ്ഞു.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കീഴിലുള്ള നാഷണല്‍ ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ കൗണ്‍സിലും നാഷണല്‍ എയ്ഡ്‌സ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷനും പുറപ്പെടുവിച്ച 2017 ലെ രക്തദാതാക്കളെ തിരഞ്ഞെടുക്കുന്നതിനും രക്തദാതാവിന്റെ റഫറല്‍ ചെയ്യുന്നതിനുമുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളെ ചോദ്യം ചെയ്താണ് സുപ്രീം കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്.
Content Highlight: Is the community being branded as dangerous? Supreme Court questions denial of blood donation to LGBTQ+ community