World News
24 മലയാളികള്‍ അടക്കം 49 തൊഴിലാളികള്‍ മരിച്ച കുവൈത്തിലെ തീപിടിത്തം; മൂന്ന് പ്രതികള്‍ക്ക് കഠിന തടവ്
കുവൈത്ത് സിറ്റി: 49 പേരുടെ മരണത്തിന് കാരണമായ കുവൈത്തിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടുത്തത്തില്‍ മൂന്ന് പ്രതികള്‍ക്ക് കഠിന തടവ്. മനഃപൂര്‍വമല്ലാത്ത നരഹത്യയിലാണ് ശിക്ഷ.
മുന്‍സിഫ് അദാലത്ത് ജഡ്ജിയായ അന്വര്‍ ബസ്താകിയാണ് ശിക്ഷ വിധിച്ചത്. കോടതിയില്‍ കള്ളം പറഞ്ഞതിന് രണ്ട് പേര്‍ക്ക് ഒരു വര്‍ഷം വീതം തടവും ഒളിവിലായിരുന്ന ഒരാള്‍ക്ക് അഭയം നല്‍കിയതിന് നാല് പേര്‍ക്ക് കൂടി ഒരു വര്‍ഷം വീതം തടവുമാണ് വിധിച്ചത്.
2024 ജൂണ്‍ 12ന് 4.30 ഓടെയാണ് കുവൈത്തിലെ അല്‍ മംഗഫില്‍ അപകടം നടന്നത്. പൊള്ളലേറ്റും പുക ശ്വസിച്ചും ഫ്‌ളാറ്റില്‍ നിന്ന് ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചവരുമാണ് അപകടത്തില്‍ മരണപ്പെട്ടത്. ആറ് നില ഫ്‌ളാറ്റിന്റെ താഴത്തെ നിലയിലാണ് തീപിടിച്ചത്.
24 മലയാളികള്‍ അടക്കം 46 ഇന്ത്യക്കാരാണ് കുവൈത്തിലെ തീപിടിത്തത്തില്‍ മരിച്ചത്. പത്തനംതിട്ട ജില്ലയില്‍ മാത്രമായി ആറ് പേരാണ് കുവൈത്തിലെ തീപിടിത്തത്തില്‍ മരണപ്പെട്ടത്. മലയാളികളുടെ ഉടമസ്ഥതയിലുള്ള ഫ്‌ളാറ്റിലാണ് തീപിടിത്തമുണ്ടായത്. മലയാളി ഉടമയായ എന്‍.ബി.ടി.സി ഗ്രൂപ്പിന്റേതായിരുന്നു ഫ്‌ളാറ്റ്.
ഫ്‌ലാറ്റിന്റെ താഴത്തെ നിലയിലെ അടുക്കളയില്‍ നിന്ന് പടര്‍ന്ന തീ 4.30 ഓടെ മറ്റുനിലകളിലേക്ക് പടര്‍ന്നുപിടിക്കുകയായിരുന്നു. മലയാളികള്‍ ഉള്‍പ്പെടെ 195 പേരാണ് ഈ ഫ്‌ളാറ്റില്‍ താമസിച്ചിരുന്നത്. അപകടം നടക്കുമ്പോള്‍ 17 പേര്‍ കെട്ടിടത്തിന് പുറത്തായിരുന്നു. മരിച്ചവര്‍ 46 പേരും 20നും 50നും ഇടയില്‍ പ്രായമുള്ളവരായിരുന്നു.
അപകടത്തിന് പിന്നാലെ പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷന്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ കുവൈത്തിലെ മൊത്തം ജനസംഖ്യയില്‍ 21% ഇന്ത്യക്കാരും ഇന്ത്യന്‍ പ്രവാസികളില്‍ 50 ശതമാനം ആളുകള്‍ കേരളത്തില്‍ നിന്നുള്ളവരുമാണെന്നാണ് പറയുന്നത്.
മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് കുവൈത്ത് സര്‍ക്കാര്‍ 15000 ഡോളര്‍-ഏകദേശം 12.5 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. തീപിടുത്തത്തില്‍ പരിക്കേറ്റ മലയാളികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ 30 ലക്ഷം രൂപ ധനസഹായം അനുവദിക്കുകയും ചെയ്തു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ഒരാള്‍ക്ക് ഒരു ലക്ഷം രൂപ വീതമാണ് അനുവദിച്ചത്. മരണപ്പെട്ടവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ വീതവും സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിരുന്നു.
Content Highlight: Fire accident in Kuwait; Three accused get rigorous imprisonment