യൂട്യൂബ് വീഡിയോയിലൂടെ കെ.എം എബ്രഹാമിനെതിരെ അധിക്ഷേപ പരാമര്‍ശം നടത്തി കമാല്‍പാഷ; വക്കീല്‍ നോട്ടീസിന് പിന്നാലെ ഖേദപ്രകടനം
തിരുവനന്തപുരം: യൂട്യൂബ് ചാനലിലൂടെ മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.കെ.എം എബ്രഹാമിനെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയ മുന്‍ ഹൈക്കോടതി ജഡ്ജി കമാല്‍പാഷ വീഡിയോ പിന്‍വലിച്ചു. ജസ്റ്റിസ് കമാല്‍പാഷ വോയിസ് എന്ന യൂട്യൂബ് ചാനലിലൂടെയായിരുന്നു അധിക്ഷേപ പരാമര്‍ശം നടത്തിയത്.
ഡോ.കെ.എം എബ്രഹാം വക്കീല്‍ നോട്ടീസ് അയച്ചതിന് പിന്നാല കമാല്‍പാഷ വീഡിയോ പിന്‍വലിക്കുകയും ഖേദം പ്രകടിപ്പിച്ച് നോട്ടീസിന് മറുപടി നല്‍കുകയുമായിരുന്നു.
വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദന കേസില്‍ ഹൈക്കോടതി കെ.എം എബ്രഹാമിനെതിരെ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടതിന് പിന്നാലെയായിരുന്നു കമാല്‍പാഷ കെ.എം.എബ്രഹാമിനെതിരെ അധിക്ഷേപ പരാമര്‍ശങ്ങള്‍ നടത്തിയത്. നേരത്തെ വിജിലന്‍സ് തള്ളിയ കേസിനെ കുറിച്ചായിരുന്നു പരാമര്‍ശം.
കാട്ടുകള്ളന്‍, അഴിമതി വീരന്‍, കൈകൂലി വീരന്‍ തുടങ്ങിയ വാക്കുകള്‍ ഉപയോഗിച്ചായിരുന്നു അധിക്ഷേപമെന്ന് വക്കീല്‍ നോട്ടീസില്‍ പറയുന്നു. ഏപ്രില്‍ 11,12 തീയതികളില്‍ അപ്‌ലോഡ് ചെയ്ത വീഡിയോകളിലാണ് അധിക്ഷേപ പരാമര്‍ശം നടത്തിയതെന്ന് ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയിലെ ഏറ്റവും വലിയ ഓഹരി വിപണി കുംഭകോണമായ സഹാറയുടെ ക്രമക്കേടുകളും അഴിമതിയും പുറത്തുകൊണ്ടുവന്ന് അതിനെതിരെ രാജ്യം കണ്ട ഏറ്റവും പിഴ തുക ചുമത്തുന്നതിനും കാരണക്കാരനായ ഉദ്യോഗസ്ഥനാണ് എബ്രഹാമെന്നും വീഡിയോയില്‍ പറഞ്ഞിരുന്നു.
അവമതിപ്പുണ്ടാക്കുന്ന പരാമര്‍ശങ്ങളടങ്ങിയ വീഡിയോ പിന്‍വലിച്ച് പരസ്യമായി മാപ്പ് പറയണമെന്നും അല്ലാത്ത പക്ഷം 2 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും മുന്നറിയിപ്പ് നല്‍കുകയായിരുന്നു. പിന്നാലെ വീഡിയോ പിന്‍വലിച്ചും ഖേദം പ്രകടിപ്പിച്ചും കമാല്‍പാഷ രംഗത്തെത്തുകയായിരുന്നു.
കേട്ടറിവുകളുടെ അടിസ്ഥാനത്തിലാണ് അഴിമതിക്കാരനാണെന്ന് കരുത കേസ് കോടതിയുടെ പരിഗണനയിലായതുകൊണ്ടും ഈ വിഷയത്തില്‍ താന്‍ ഒരു അഭിപ്രായവും പറയാന്‍ പാടില്ലായിരുന്നുവെന്നും കമാല്‍പാഷ ഖേദപ്രകടനത്തില്‍ പറയുന്നു. വീഡിയോ അപ്‌ലോഡ് ചെയ്തതിലും ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്.
Content Highlight: Kamal Pasha made abusive remarks against K.M. Abraham in a YouTube video; apologizes after receiving legal notice