national news
ആന്ധ്രയില്‍ രക്ഷിതാക്കള്‍ 25,000 രൂപ കടം വാങ്ങിയെന്നാരോപിച്ച് ആദിവാസിബാലനെ പിടിച്ചുവെച്ച് ഉടമ, പിന്നാലെ കുട്ടി കൊല്ലപ്പെട്ടു
ഹൈദരാബാദ്: ആന്ധ്രപ്രദേശിലെ തിരുപ്പതിയില്‍ 25,000 രൂപ കടം വാങ്ങിയതിനെ തുടര്‍ന്ന് ആദിവാസി കുടുംബത്തിന് നേരെ ക്രൂരതയെന്ന് റിപ്പോര്‍ട്ട്. കടം വാങ്ങിയ പണം നല്‍കാത്തതിനെ തുടര്‍ന്ന് കടം വാങ്ങിയയാളുടെ മകനെ ഈടായി പിടിച്ചുവച്ചുവെന്നും പിന്നാലെ കുട്ടി മരണപ്പെട്ടതായുമാണ് റിപ്പോര്‍ട്ട്.
യാനാഡി ആദിവാസി സമുദായത്തില്‍പ്പെട്ട അനകമ്മയും കുടുംബവുമാണ് ക്രൂരതക്കിരയായതെന്നാണ് വിവരം. ഭര്‍ത്താവ് മരണപ്പെട്ടതോടെ അനകമ്മയും മക്കളും ജോലി സ്ഥലത്തു നിന്ന് പോകാനൊരുങ്ങിയപ്പോള്‍ തൊഴിലുടമ അവരെ വിലക്കുകയും മരിച്ചുപോയ ഭര്‍ത്താവ് 25,000 രൂപ കടം വാങ്ങിയിട്ടുണ്ടെന്നും അത് തരാതെ പോകാനാകില്ലെന്നും പറഞ്ഞതോടെ മകനെ ഈട് വച്ച് പോവേണ്ടി വരികയായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ട്.
ഇതെ തുടര്‍ന്ന് അനകമ്മയോടും മക്കളോടും അവിടെ ജോലി ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്നും ഇതിനൊടുവിലാണ് തനിക്ക് പോയേ തീരൂവെന്നും 25,000 പണം എങ്ങനെയെങ്കിലും തരാമെന്നും ഇവര്‍ തൊഴിലുടമയെ അറിയിച്ചത്.
കടം വാങ്ങിയ 25,000 രൂപയ്ക്ക് പുറമെ പലിശയായി 20,000 രൂപ കൂടി നല്‍കണമെന്നും ആകെ 45,000 രൂപ നല്‍കാതെ മടങ്ങാന്‍ അനുവദിക്കില്ലെന്നും ഇയാള്‍ പറഞ്ഞു. തുടര്‍ന്ന് അനകമ്മ പത്ത് ദിവസത്തെ കാലാവധിക്ക് ചോദിക്കുകയായിരുന്നു.
പിന്നാലെ ഈടാവശ്യപ്പെടുകയും അനകമ്മയ്ക്ക് പോകാമെന്നും ഒരു ഉറപ്പിനായി മകനെ ഇവിടെ ജോലിയ്ക്ക് നിര്‍ത്തണമെന്നും പണം ലഭിച്ച് കഴിഞ്ഞാല്‍ വിട്ടയക്കാമെന്നു ഉടമ പറഞ്ഞതായാണ് റിപ്പോര്‍ട്ട്.
അമ്മ വേഗം വന്ന് തന്നെ കൂട്ടിക്കൊണ്ട് പോകണമെന്നും അമിതമായി പണിയെടുപ്പിച്ച് കഷ്ടപ്പെടുത്തുകയാണെന്നും താന്‍ വിളിക്കുമ്പോഴെല്ലാം മകന്‍ പറയാറുണ്ടെന്നും ഏപ്രില്‍ 12നാണ് അവസാനമായി കുട്ടിയോട് സംസാരിച്ചതെന്നും അമ്മ പറയുന്നു.
കഴിഞ്ഞയാഴ്ച പണം സംഘടിപ്പിച്ച് തൊഴിലുടമയെ ഫോണില്‍ വിളിച്ച് മകനെ കൊണ്ടുപോകാന്‍ വരികയാണെന്ന് പറഞ്ഞിരുന്നുവെന്നും എന്നാല്‍ മകന്‍ സ്ഥലത്തില്ലെന്നും മറ്റൊരു സ്ഥലത്തേക്ക് പോയെന്നുമൊക്കെയാണ് ആദ്യം പറഞ്ഞത്.
പിന്നീട് മകനെ ആശുപത്രിയിലാക്കിയെന്നും അത് കഴിഞ്ഞ് ഓടിപ്പോയെന്നും ഇയാള്‍ പറഞ്ഞതായും അതില്‍ ഭയന്ന് താന്‍ ചില ആദിവാസി നേതാക്കളുടെ സഹായത്തോടെ പൊലീസില്‍ പരാതി നല്‍കിയതോടെയാണ് കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.
തൊഴിലുടമയെ പോലീസ് ചോദ്യം ചെയ്തപ്പോള്‍ കുട്ടി മരിച്ചെന്നും മൃതദേഹം തമിഴ്‌നാട്ടിലെ കാഞ്ചീപുരത്ത് തങ്ങളുടെ ബന്ധുവീടുകള്‍ക്കടുത്ത് കൊണ്ടുപോയി സംസ്‌കരിച്ചെന്നും തൊഴിലുടമ പറയുകയായിരുന്നു. പിന്നാലെ തൊഴിലുടമയെയും ഭാര്യയെയും മകനെയും അറസ്റ്റ് ചെയ്യുകയായിരുന്നു.
ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. ബാലവേല തടയല്‍, ബാലനീതി ഉറപ്പാക്കല്‍, പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തിലുള്ളവര്‍ക്കെതിരേയുള്ള അക്രമവും ചൂഷണവും തടയല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് നിലവിലെ കേസെടുത്തത്.
കുട്ടി മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചെന്നാണ് തൊഴിലുടമയുടെ വാദമെന്നും കുട്ടിയുടെ മൃതദേഹം പറഞ്ഞ സ്ഥലത്ത് തന്നെ ഉണ്ടായിരുന്നുവെന്നുമാണ് പൊലീസ് പറയുന്നത്. പോസ്റ്റ്‌മോര്‍ട്ടത്തിനും മറ്റു പരിശോധനകള്‍ക്കും ശേഷം നടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി.
Content Highlight: Tribal boy held captive in Andhra Pradesh, accused of borrowing Rs 25,000 from parents, later killed