രാമനും ശ്രീകൃഷ്ണനും മുഹമ്മദ് നബിയെപ്പോലെ പ്രവാചകര്‍; അവരെ വിശ്വസിക്കാത്ത മുസ്‌ലിങ്ങള്‍ യഥാര്‍ത്ഥ മുസ്‌ലിങ്ങള്‍ അല്ല: ജമാല്‍ സിദ്ദിഖി
ന്യൂദല്‍ഹി: മുസ്‌ലിങ്ങള്‍ രാമന്റെ പിന്‍ഗാമികള്‍ ആണെന്ന് ബി.ജെ.പി ന്യൂനപക്ഷ മോര്‍ച്ച ദേശീയ പ്രസിഡന്റ് ജമാല്‍ സിദ്ദിഖി. രാമനിലും ശ്രീകൃഷ്ണനിലും വിശ്വസിക്കാത്ത മുസ്‌ലിങ്ങള്‍ യഥാര്‍ത്ഥ മുസ്‌ലിങ്ങള്‍ അല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സനാധന ധര്‍മവും ഇസ്‌ലാമും തമ്മില്‍ ദൈവശാസ്ത്രപരവും സാംസ്‌കാരികവുമായ നിരവധി സാമ്യതകള്‍ ഉണ്ടെന്നും സിദ്ദിഖി അവകാശപ്പെട്ടിട്ടുണ്ട്. ഇന്ത്യ ടുഡേയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സനാതന ധര്‍മം ഇസ്‌ലാമിന് മുമ്പ് ഉണ്ടായതാണെന്നും സനാതന ധര്‍മമാണ് നാഗരികതയുടെ ആണിക്കല്ലെന്നും അവകാശപ്പെട്ടതിന് പിന്നാലെയാണ് മുസ്‌ലിങ്ങള്‍ ശ്രീരാമന്റെ പിന്തുടര്‍ച്ചക്കാരാണെന്ന് ജമാല്‍ സിദ്ദിഖി പറഞ്ഞത്.
‘ഖുറാനില്‍ 25 പ്രവാചകര്‍ ഉണ്ടെന്നാണ് പറയുന്നത്. പക്ഷെ ഹദീസും മറ്റ് പാരമ്പര്യങ്ങള്‍ പ്രകാരവും ലോകത്താകമാനം 1,24,000 പ്രവാചകരുണ്ട്. അതുകൊണ്ട് തന്നെ അതില്‍ ഭഗവാന്‍ കൃഷ്ണനും ശ്രീരാമനും ഇല്ലെന്ന് നമുക്ക് എങ്ങനെ പറയാന്‍ സാധിക്കും. അവരും ദൈവത്തിന്റെ പ്രവാചകന്മാരാണ്,’ സിദ്ദിഖി പറഞ്ഞു.
ഇന്ത്യയിലെ ഇസ്‌ലാം സമൂഹം പ്രാചീന ഹിന്ദു പാരമ്പര്യവുമായി ബന്ധപ്പെട്ട് കിടക്കുന്നതായും അദ്ദേഹം അവകാശപ്പെട്ടിട്ടുണ്ട്.
മുസ്‌ലിങ്ങള്‍ രാമന്റെ പിന്തുടര്‍ച്ചക്കാര്‍ ആണെന്നും ആരാധിക്കുന്ന രീതിയില്‍ മാത്രമാണ് മാറ്റമുള്ളതെന്നും ഉള്ളിലുള്ള പാരമ്പര്യം അതേപോലെ തന്നെ നിലനില്‍ക്കുന്നുവെന്നും തങ്ങള്‍ ഇപ്പോഴും സനാധനികള്‍ ആണെന്നും ജമാല്‍ സിദ്ദിഖി പറഞ്ഞു.
Content Highlight: Ram and Krishna are prophets like Prophet Muhammad; Muslims who don’t believe in them are not true Muslims: Jamal Siddiqui