ബെംഗളൂരു: ബിഹാറിലും ഹരിയാനയിലുമായി 44,250 വെടിയുണ്ടകള്‍ കണ്ടെത്തിയ സംഭവത്തിലെ പ്രതികള്‍ക്ക് ആര്‍.എസ്.എസുമായുള്ള ബന്ധമെന്തെന്ന് കര്‍ണാടക ആഭ്യന്തരമന്ത്രി പ്രിയങ്ക് ഖാര്‍ഗെ. പിടിയിലായവര്‍ ആര്‍.എസ്.എസിന്റെ യൂണിഫോമില്‍ നില്‍ക്കുന്ന ഫോട്ടോകള്‍ പ്രചരിച്ചതിനെത്തുടര്‍ന്നാണ് ഖാര്‍ഗെ ചോദ്യമുന്നയിച്ചത്.
ഇത് ദേശീയ സുരക്ഷാ പ്രശ്‌നമാണെന്ന് പറഞ്ഞ ഖാര്‍ഗെ വിഷയത്തില്‍ ആര്‍.എസ്.എസും ബി.ജെ.പിയും ഉത്തരം പറയണമെന്നും ആവശ്യപ്പെട്ടു.
‘ബീഹാറിലും ഹരിയാനയിലുമായി 44,250 വെടിയുണ്ടകള്‍ പിടിച്ചെടുത്ത സംഭവം അന്തര്‍സംസ്ഥാന ആയുധക്കടത്ത് ശൃംഖലയുടെ ഗൗരവം വെളിപ്പെടുത്തുന്നതാണ്. ഇത് സാധാരണ ഒരു ക്രിമിനല്‍ കേസ് അല്ല. രാജ്യസുരക്ഷയെ ബാധിക്കുന്ന ഗുരുതരമായ വിഷയമാണിത്,’ഖാര്‍ഗെ കുറിച്ചു.
കള്ളക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന ചിലര്‍ ആര്‍.എസ്.എസ് യൂണിഫോം ധരിച്ച് നില്‍ക്കുന്ന ചിത്രങ്ങളും റിപ്പോര്‍ട്ടുകളും പുറത്ത വന്നത് ആശങ്കയുണ്ടാക്കുന്നുവെന്നും ആര്‍.എസ്.എസും ബി.ജെ.പിയും ഇക്കാര്യത്തില്‍ രാജ്യത്തിന് മറുപടി നല്‍കേണ്ടതുണ്ടെന്നും അദ്ദേഹം കുറിപ്പില്‍ പറഞ്ഞു.
പ്രതികള്‍ക്ക് ആര്‍.എസ്.എസുമായി എന്താണ് ബന്ധമെന്നും സ്വയംസേവകരായിരുന്നെങ്കില്‍ സംഘടനയില്‍ എന്ത് സ്ഥാനമാണ് ഇവര്‍ വഹിച്ചിരുന്നത് എന്നും ആരുടെ നിര്‍ദേശപ്രകാരമാണ് ഇവര്‍ പ്രവര്‍ത്തിച്ചതെന്നും ഖാര്‍ഗെ ചോദിച്ചു.
‘വന്‍തോതിലുള്ള അക്രമങ്ങള്‍ക്ക് ഉപയോഗിക്കാവുന്നത്ര വെടിയുണ്ടകളാണിത്. ഇവ ആര്‍ക്കുവേണ്ടിയാണ് എത്തിക്കാനിരുന്നത്? സംഘടിത കുറ്റവാളി സംഘങ്ങള്‍ക്കോ തീവ്രവാദ സംഘടനകള്‍ക്കോ മറ്റ് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കോ വേണ്ടിയാണോ ഇവ എത്തിക്കാനിരുന്നത്?,’അദ്ദേഹം ചോദിച്ചു.
പുനെയിലെ ഖഡ്കി വെടിക്കോപ്പ് ഫാക്ടറിയുമായി ബന്ധമുള്ള അടയാളങ്ങള്‍ പിടിച്ചെടുത്ത വെടിയുണ്ടകളിലുണ്ടായിരുന്നു എന്ന് റിപ്പോര്‍ട്ടുകളുണ്ടെന്നും അങ്ങനെയെങ്കില്‍ ഇവ നിയമവിരുദ്ധമായി കൈമാറാന്‍ സഹായിച്ചത് ആരെന്നും ഖാര്‍ഗെ ചോദിച്ചു.
‘ലൈസന്‍സുള്ള ആയുധവ്യാപാരികളിലും ഇടനിലക്കാരിലും ആരൊക്കെയാണ് ഇതില്‍ ഉള്‍പ്പെട്ടിരിക്കുന്നത്? എത്രകാലമായി ഈ ശൃംഖല പ്രവര്‍ത്തിക്കുന്നു? ഇതിന്റെ വ്യാപ്തി എത്രയാണ്?,’ ഖാര്‍ഗെ കുറിപ്പില്‍ ചോദിച്ചു.
ദേശീയത, ദേശസ്‌നേഹം, രാജ്യസുരക്ഷ തുടങ്ങിയ വിഷയങ്ങളില്‍ രാജ്യത്തിന് ഉപദേശം നല്‍കാന്‍ മുന്നിലുള്ള ബി.ജെ.പി ഈ വിഷയത്തില്‍ ആര്‍.എസ്.എസ് ബന്ധമുണ്ടെന്ന് ആരോപിക്കപ്പെട്ടവര്‍ സംശയത്തിന്റെ നിഴലിലായപ്പോള്‍ എന്തുകൊണ്ടാണ് മൗനം പാലിക്കുന്നതെന്ന് ഖാര്‍ഗെ ചോദിച്ചു.
ഇതുപോലുള്ള കാര്യങ്ങള്‍ കൊണ്ടാണ് ആര്‍.എസ്.എസ് രജിസ്റ്റര്‍ ചെയ്യപ്പെടേണ്ടതെന്ന് ഖാര്‍ഗെ കൂട്ടിച്ചേര്‍ത്തു.
താത്പര്യമുള്ളപ്പോള്‍ ലക്ഷക്കണക്കിന് സ്വയംസേവകരുണ്ടന്ന് അവകാശപ്പെടുകയും ഗുരുതരമായ ക്രിമിനല്‍ ആരോപണങ്ങള്‍ ഉയരുമ്പോള്‍ വ്യക്തികളെ സംഘടനയ്ക്ക് പരിചയമില്ലെന്ന് പറഞ്ഞ് കൈയ്യൊഴിയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
‘സംഘടനയുടെ രജിസ്‌ട്രേഷനും കൃത്യമായ അംഗത്വ രേഖകളും ഉത്തരവാദിത്തം ഉറപ്പാക്കാനും സംഘടനയുമായുള്ള ബന്ധം പരിശോധിച്ച് സ്ഥിരീകരിക്കാനും സഹായിക്കും. മറ്റെല്ലാവരോടും ഉത്തരവാദിത്തം ആവശ്യപ്പെടുന്ന ആര്‍.എസ്.എസ് എന്തുകൊണ്ട് അതേ പരിശോധനയ്ക്ക് വിധേയമാകുന്നില്ല?,’ ഖാര്‍ഗെ ചോദിച്ചു.
ആര്‍.എസ്.എസിന്റെ രജിസ്‌ട്രേഷന്‍ നടപടികള്‍ക്ക് നേരിട്ട് സഹായം നല്‍കാനും അതിന്റെ രജിസ്‌ട്രേഷന്‍ ഫീസ് സ്വന്തം കൈയില്‍നിന്ന് അടയ്ക്കാനും താന്‍ സന്തോഷത്തോടെ തയ്യാറാണെന്നും ഖാര്‍ഗെ പറഞ്ഞു.
ബിഹാറിലെ ഭോജ്പൂര്‍ ജില്ലയില്‍ നിന്ന് ഏകദേശം 19,250 വെടിയുണ്ടകളും ഹരിയാന എസ്.ടി.എഫ് ജജ്ജാറിലെ റോഹദ് ടോള്‍ പ്ലാസയ്ക്ക് സമീപം ഏകദേശം 25,000 വെടിയുണ്ടകളും ആണ് പൊലീസ് പിടിച്ചെടുത്തത്.
അന്തര്‍സംസ്ഥാന വെടിക്കോപ്പ് ശൃംഖലയെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും കേസില്‍ ഒരു സംഘടനയുടെയും പങ്കാളിത്തം ഇത് വരെ സ്ഥിരീകരിച്ചിട്ടില്ലെന്നും പൊലീസ് പറഞ്ഞു.
Content Highlight: “RSS, BJP owe nation some answers”: Priyank Kharge on cartridges seized from people resembling Swayamsevaks in Bihar, Haryana




